ന്യൂയോര്‍ക്ക്: ഗര്‍ഭിണിയാണെന്നറിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ 23 വയസുകാരി അമ്മയായി! യു.എസിലെ നെബ്രാസ്‌ക സ്വദേശിയായ പേറ്റണ്‍ സ്റ്റോവറാണ് റെക്കോഡ് നേട്ടത്തിനുമയായത്. മാസങ്ങളായി തുടരുന്ന ക്ഷീണവും തലകറക്കവും അധികരിക്കുകയും പാദങ്ങളില്‍ നീരുവരികയും ചെയ്തതിനെ തുടര്‍ന്നാണ് യുവതി ഡോക്ടറെ കാണാനെത്തിയത്. അധ്യാപനവൃത്തി ആരംഭിച്ചിട്ട് അധികകാലമാകാത്തതിനാല്‍ ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് സുഖക്കേടിന് കാരണമെന്നാണ് പേറ്റണ്‍ കരുതിയത്. എന്നാല്‍, പരിശോധനക്കൊടുവില്‍ താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന് ഡോക്ടര്‍ അറിയിച്ചതുകേട്ട് പേറ്റണ്‍ അമ്പരന്നു.
രണ്ട് തവണ പരിശോധന നടത്തിയ ശേഷമാണ് പേറ്റണ്‍ ഗര്‍ഭിണിയാണെന്ന കാര്യം ഡോക്ടര്‍ ഉറപ്പിച്ചത്. ഒന്നുകൂടി ഉറപ്പാക്കാന്‍ അള്‍ട്രാസൗണ്ട് പരിശോധന നടത്താമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. സ്‌ക്രീനില്‍ ചൂണ്ടിക്കാട്ടി ഡോക്ടര്‍ പറഞ്ഞതോടെയാണ് ഗര്‍ഭിണിയാണെന്ന കാര്യം പേറ്റണ്‍ വിശ്വസിച്ചത്. പെട്ടെന്ന് ഒരു കുഞ്ഞുണ്ടാകുന്നതിനെ കുറിച്ച് പേറ്റണും ബോയ്ഫ്രണ്ട് ട്രാവിസിനും പദ്ധതിയുണ്ടായിരുന്നില്ല. എന്നാല്‍, കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ കുഞ്ഞുണ്ടാകാന്‍ പോകുന്നെന്ന വിവരം ഇരുവര്‍ക്കും ആഹ്ളാദം പകര്‍ന്നു.
എന്നാല്‍, ഗര്‍ഭിണികളില്‍ രക്തസമ്മര്‍ദ്ദം അധികമാകുന്ന പ്രി എക്ലാംപ്സിയ എന്ന അവസ്ഥയിലാണ് പേറ്റണ്‍ എന്നും വൃക്കകളും കരളും തകരാറിലാണെന്നും ഡോക്ടര്‍ കണ്ടെത്തി. എത്രയും വേഗം പ്രസവം നടന്നില്ലെങ്കില്‍ മറ്റ് അവയവങ്ങളേയും ഇത് ബാധിക്കുമെന്നും അമ്മയുടെയും കുഞ്ഞിന്റേയും ജീവന്‍ അപകടത്തിലാകുമെന്നും ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്ത് ഡോക്ടര്‍മാര്‍ അപകടം ഒഴിവാക്കുകയായിരുന്നു.
അങ്ങനെ ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ പേറ്റണ്‍ അമ്മയായി. ഗര്‍ഭകാലം പൂര്‍ത്തിയാകാന്‍ പത്ത് ആഴ്ച ബാക്കി നില്‍ക്കെയാണ് കാഷ് എന്ന ആണ്‍കുഞ്ഞിന്റെ ജനനം. നാല് പൗണ്ടാണ് (1.8 കിലോഗ്രാം) കാഷിന്റെ ശരീരഭാരം. കുഞ്ഞിനും അമ്മയ്ക്കും നിലവില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. അങ്ങനെ നിനച്ചിരിക്കാതെ അമ്മയുമച്ഛനുമായതിന്റെ സന്തോഷത്തിലാണ് പേറ്റണും ട്രാവിസും.