ഭോപാല്‍: മധ്യപ്രദേശില്‍ രാമനവമി ദിവസത്തിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് 12 വയസുകാരനോട് 2.9 ലക്ഷം രൂപ പിഴയടക്കാന്‍ നിര്‍ദേശിച്ച് നോട്ടീസ്. കുട്ടിയുടെ അയല്‍വാസികളുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ രാമനവമി ദിവസമുണ്ടായ ഘോഷയാത്രയ്ക്കിടെ തങ്ങളുടെ വീടിനു നേരെ അക്രമം അഴിച്ചുവിട്ടെന്നും നാശനഷ്ടങ്ങള്‍ വരുത്തിയെന്നും അയല്‍വാസികള്‍ പരാതിയില്‍ പറയുന്നു. കുട്ടിയുടെ അച്ഛനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. മധ്യപ്രദേശിലെ കാര്‍ഗോണിലാണ് സംഭവം.
കുട്ടിക്ക് 12 വയസാണെന്നും അക്രമത്തില്‍ 2.9 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നും നോട്ടീസില്‍ പറയുന്നു. കുട്ടിയുടെ പിതാവ് കലു ഖാനെതിരേ 4.8 ലക്ഷം രൂപയുടെ പിഴയും ചുമത്തിയിട്ടുണ്ട്. പുറമേ ആറുപേര്‍ക്കുകൂടി പിഴ ചുമത്തിയതായി അധികൃതര്‍ അറിയിച്ചു.
അതേസമയം, അക്രമത്തില്‍ തങ്ങളുടെ പങ്ക് നിഷേധിച്ച് കുട്ടിയുടെ പിതാവ് രംഗത്തെത്തി. പിഴയടക്കാന്‍ നിര്‍ദേശിച്ചുള്ള നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുടുംബം മധ്യപ്രദേശ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, കോടതി അപ്പീല്‍ തള്ളിയ കോടതി പരാതികളുണ്ടെങ്കില്‍ ട്രിബ്യൂണലില്‍ അറിയിക്കാന്‍ നിര്‍ദേശിച്ചു.
പൊതുസ്വത്ത് നശിപ്പിക്കുന്നത് തടയലും വീണ്ടെടുക്കലും നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. യു.പി. സര്‍ക്കാരിനെ മാതൃകയാക്കി കഴിഞ്ഞ ഡിസംബറിലാണ് ഈ നിയമം മധ്യപ്രദേശില്‍ പ്രാബല്യത്തില്‍ വന്നത്. ഇതുപ്രകാരം സമരങ്ങള്‍ക്കോ അക്രമങ്ങള്‍ക്കോ ഇടയില്‍ പൊതു, സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചാല്‍ അതിന്റെ തുക നഷ്ടം വരുത്തിയവരില്‍നിന്ന് ഈടാക്കും.