CrimeNEWS

വാക്കുതർക്കം; പശ്ചിമബംഗാളിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യുവാവിനെ സഹയാത്രികൻ പുറത്തേക്ക് തള്ളിയിട്ടു

ബിർഭൂം: പശ്ചിമബംഗാളില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും യുവാവിനെ സഹയാത്രികന്‍ പുറത്തേക്ക് തള്ളിയിട്ടു. യാത്രക്കിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം. ബിര്‍ഭൂം ജില്ലയിലെ താരാപീഠ് റോഡ്, രാംപുര്‍ഹത് സ്റ്റേഷനുകള്‍ക്കിടയില്‍ ഹൗറ-മാല്‍ദ ടൗണ്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് സംഭവം നടന്നത്. വഴക്കിനിടെ പ്രകോപിതനായ സഹയാത്രികന്‍ യുവാവിനെ വലിച്ചിഴച്ച് വാതിലനടുത്തേക്കെത്തിച്ച് പുറത്തേക്ക് തള്ളിയിടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Signature-ad

സാജല്‍ ഷൈഖ് എന്ന യുവാവാനിയാണ് ട്രെയിനില്‍ നിന്നും തള്ളിയിട്ടത്. ഇയാളെ പൊലീസ് റെയില്‍വേട്രാക്കില്‍ നിന്നും കണ്ടെത്തി. പരിക്കേറ്റ യുവാവിനെ രാംപുര്‍ഹത് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടയാളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയില്‍ യുവാവിനെ ഒരാള്‍ ആക്രമിക്കുന്നതാണ് കാണുന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഒറ്റയ്ക്കാണോ മറ്റാരെങ്കിലും അതിക്രമണത്തിന് പിന്നിലുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

യുവാവ് ഒരാളുമായി പിടിവലി കൂടുന്നതും ഒരു യാത്രക്കാരന്‍ ഇയാളെ മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് യാത്രക്കാരന്‍ സീറ്റിലേക്ക് മടങ്ങി. പിന്നീട് വീണ്ടുമെത്തി സാജലിനെ ട്രെയിനിന്റെ വാതിലില്‍കൂടി പിടിച്ചു തള്ളുന്നതും സീറ്റിലേക്ക് മടങ്ങുന്നതും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. തന്നെ ആക്രമിച്ച യാത്രക്കാരനടക്കം മൂന്നുനാല് പേര്‍ തന്നോട് മോശമായി പെരുമാറിയെന്നും അത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമിച്ചതെന്നുമാണ് യുവാവ് പറയുന്നത്. ഒരാള്‍ കോളറില്‍ പിടിച്ച് ഭീഷണിപ്പെടുത്തി. അപ്പോള്‍ പോക്കറ്റിലുണ്ടായിരുന്ന ബ്ലെയിഡ് കാണിച്ച് എതിര്‍ത്തു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായതെന്ന് സാജല്‍ പൊലീസിനോട് പറഞ്ഞു.

അതേസമയം സാജല്‍ ഷൈഖ് കംപാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന മറ്റുയാത്രക്കാരെ അധിക്ഷേപിക്കുകയും സ്ത്രീകളുള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്തതുകൊണ്ടാണ് പിടിച്ച് മാറ്റിയതെന്നാണ് സഹയാത്രികര്‍ ആരോപിക്കുന്നത്. യുവാവ് യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും സീറ്റുകളില്‍ കാല്‍കയറ്റിവെച്ച് ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയതായും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും യുവാവിനെതിരായ പരാതിയെക്കുറിച്ചും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Back to top button
error: