ചേര്‍ത്തല: ഒന്‍പത് വര്‍ഷം മുന്‍പ് ചേര്‍ത്തലയില്‍നിന്ന് ബിന്ദു പത്മനാഭനെ കാണാതായതുമായി ബന്ധപ്പെട്ട് നരബലിക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ബിന്ദുവിന്റെ തിരോധാനത്തില്‍ ഷാഫിക്ക് ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ബിന്ദുകേസ് അന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ച് സംഘം ഷാഫിയെ ചോദ്യം ചെയ്യുക. ബിന്ദു കേസിന്റെ ഇതുവരെയുള്ള വിവരങ്ങളും സംശയങ്ങളും അടിസ്ഥാനമാക്കി അടുത്ത ആഴ്ച ചോദ്യം ചെയ്യാനാണ് തീരുമാനം.
ഷാഫിയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ കണ്ടതോടെയാണ് പ്രദേശവാസികളില്‍ ചിലരും ബിന്ദുവിന്റെ കുടുംബവും അത്തരത്തിലൊരു വിവരം അന്വേഷണ സംഘത്തിനു കൈമാറിയത്. ബിന്ദുവിന്റെ സഹോദരന് പി. പ്രവീണ്‍ അഭിഭാഷകന് മുഖേന അന്വേഷണ സംഘത്തെ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. ബിന്ദുവിന്റെ പിതാവ് പത്മനാഭന് 2002 ലാണ് മരിച്ചത്. അന്നു സംസ്കാര ചടങ്ങില്‍ ഷാഫിയെപ്പോലൊരു അപരിചിതനെ കണ്ടെന്ന വിവരമാണ് പ്രധാനമായും അന്വേഷണ സംഘത്തിന് നല്‍കിയത്. നേരത്തെയുള്ള മൊഴിയെടുക്കലില്‍ ഇത്തരത്തിലുള്ള ഒരാളെക്കുറിച്ച് കുടുംബം പറഞ്ഞിട്ടുമുണ്ട്. ഭാര്യയും മകനുമായാണ് അന്നു വന്നത്. രണ്ടു മണിക്കൂറോളം വീട്ടില്‍ ചെലവഴിച്ചു.
ബിന്ദുവിന്റെ പിതാവ് മരിക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് സ്വത്തുക്കള്‍ ബിന്ദുവിന്റെ പേരിലാക്കിയിരുന്നു. ഇത് മനസിലാക്കിക്കൂടിയായിരിക്കണം അയാള്‍ വന്നതെന്നും 4 മാസം മുന്‍പ് ബിന്ദുവിന്റെ അമ്മ അംബികാദേവി മരിച്ചപ്പോള്‍ അയാളെ കണ്ടില്ലെന്ന വിവരവും കൈമാറിയിട്ടുണ്ട്. കോടികളുടെ സ്വത്തിന് ഉടമയായ ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ പത്മാനിവാസില്‍ ബിന്ദു പത്മനാഭനെ (51) 2013 മുതലാണ് കാണാതായത്. വിദേശത്തായിരുന്ന ബിന്ദുവിന്റെ സഹോദരന് പി. പ്രവീണ്‍ 2017ലാണ് ബിന്ദുവിനെ കാണാനില്ലെന്ന പരാതി ആഭ്യന്തര വകുപ്പിനു നല്‍കിയത്. ആദ്യം ലോക്കല്‍ പോലീസും പ്രത്യേക അന്വേഷണ സംഘവും പിന്നീട് ക്രൈംബ്രാഞ്ചും കേസ് ഏറ്റെടുത്ത് അന്വേഷിക്കുകയാണ്.
അതിനിടെ, ചേര്‍ത്തലയിലെ തന്നെ മറ്റൊരു ബിന്ദുവിന്റെ തിരോധാനം അന്വേഷിക്കാനും പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു. അര്‍ത്തുങ്കല്‍ സ്റ്റേഷന് പരിധിയില്‍ ചേര്‍ത്തല തെക്ക് പഞ്ചായത്ത് 13 ാം വാര്‍ഡ് വള്ളാകുന്നത്തുവെളി ഉല്ലാസിന്റെ ഭാര്യ ബിന്ദു എന്നു വിളിക്കുന്ന സിന്ധുവിന്റെ (45) തിരോധാനമാണ് ചേര്‍ത്തല ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുന്നത്. നരബലി കേസിന്റെ പശ്ചാത്തലത്തില്‍ ഇതിനോടകം കാണാതായ വനിതകള്‍ക്കു വേണ്ടി പ്രത്യേക അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് പുതിയ സംഘം. 2020 ഒക്ടോബര്‍ 19 ന് വൈകിട്ട് തിരുവിഴ ക്ഷേത്രത്തില്‍ പോകുന്നെന്നു പറഞ്ഞു വീട്ടില്‍നിന്നിറങ്ങിയതാണ് സിന്ധു.