IndiaNEWS

ചായക്കട നടത്തുന്ന ബിടെക് വിദ്യാര്‍ഥിനിയുടെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

ഫരീദാബാദില്‍ ചായക്കട നടത്തുന്ന ബിടെക് വിദ്യാര്‍ഥിനിയുടെ ജീവിതകഥ സമൂഹമാധ്യമങ്ങളില്‍ വൈറലായി. വര്‍തിക സിങ് എന്ന വിദ്യാര്‍ഥിനിയാണ് ബിടെക് പൂര്‍ത്തിയാക്കാന്‍ നാലുവര്‍ഷം കാത്തുനില്‍ക്കാതെ സ്വന്തമായി ഒരു പുതിയ സംരംഭം തുടങ്ങിയത്.

‘ബിടെക് ചായ്വാലി’ എന്നാണ് വര്‍തിക സിങ് കടക്ക് നല്‍കിയിരിക്കുന്ന പേര്. ഫരീദാബാദിലെ ഗ്രീന്‍ഫീല്‍ഡില്‍ വൈകിട്ട് 5.30 മുതല്‍ രാത്രി ഒമ്പതു മണിവരെ ചായക്കട തുറന്ന് പ്രവര്‍ത്തിക്കും.

‘സ്വാഗ് സേ ഡോക്ടര്‍’ എന്ന ഇന്‍സ്റ്റഗ്രാം അകൗണ്ടിലാണ് പെൺകുട്ടിയുടെ സംരംഭത്തെക്കുറിച്ചുള്ള വീഡിയോ എത്തിയത്. തന്റെ ചായക്കടയെക്കുറിച്ച് പെണ്‍കുട്ടി വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. ഈ കടയിലെത്തുന്നവര്‍ക്ക് വ്യത്യസ്ത തരത്തിലുള്ള ചായയാണ് വര്‍തിക നല്‍കുന്നത്. വിവിധരീതിയിലുള്ള മസാല ചായ, ലെമണ്‍ ടീ എന്നിവയെല്ലാം കടയില്‍ ലഭിക്കുമെന്നു പെണ്‍കുട്ടി പറയുന്നു.

സ്‌പെഷല്‍ ചായയ്ക്ക് 20 രൂപയും സാധാരണ ചായക്ക് 10 രൂപയുമാണ്. ചെറിയ സ്റ്റൗവും അലുമിനിയം കെറ്റിലും ഉപയോഗിച്ചാണ് ചായ ഉണ്ടാക്കുന്നത്. ചായക്കായി നിരവധി പേര്‍ വര്‍തികയുടെ സ്റ്റാളിനു ചുറ്റും കൂടി നില്‍ക്കുന്നതു വീഡിയോയില്‍ കാണാം.

കട നടത്താനുള്ള പെണ്‍കുട്ടിയുടെ ഉദ്യമത്തെ നിരവധി പേര്‍ പ്രശംസിച്ചു. ‘എനിക്ക് നിങ്ങളുടെ ആത്മവിശ്വാസവും ചിരിയും ഇഷ്ടമായി.’ എന്നായിരുന്നു ഒരു കമന്റ്. ‘മുന്നോട്ട് പോകൂ. ഒരു വര്‍ഷം കഴിയുമ്പോള്‍ നിങ്ങള്‍ ഒരു ബ്രാന്‍ഡിന്റെ ഉടമയാകും.’ ‘ഈ പെണ്‍കുട്ടിയോട് വളരെ ബഹുമാനം തോന്നുന്നു.’ ഇങ്ങനെക്കെ കമന്റുകള്‍ വന്നുകൊണ്ടിരിക്കുന്നു.

Back to top button
error: