KeralaNEWS

”500 രൂപയുടെ പി.പി.ഇ കിറ്റ് 1500 ന് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ”

കുവൈത്ത്‌സിറ്റി: കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് ഉള്‍പ്പെടെ വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന് കാണിച്ച് ലോകായുക്ത നല്‍കിയ നോട്ടിസില്‍ വിശദീകരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇടപാടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. കുവൈത്തില്‍ കല സംഘടിപ്പിച്ച മാനവീയം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ.കെ.ശൈലജ.

”മുഖ്യമന്ത്രിയുടെ അറിവോടെയാണ് 500 രൂപയുടെ പി.പി.ഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത്. എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 50,000 കിറ്റിന് ഓര്‍ഡര്‍ നല്‍കി. 15,000 എണ്ണം വാങ്ങിയപ്പോഴേക്കും വില കുറഞ്ഞു. ബാക്കി പി.പി.ഇ കിറ്റുകള്‍ വാങ്ങിയത് കുറഞ്ഞ വിലയ്ക്കാണ്” അവര്‍ പറഞ്ഞു. പുഷ്പങ്ങള്‍ക്കൊപ്പം മുള്ളുകളും ഉണ്ടാവുമെന്നും ഒന്നും പ്രശ്‌നമല്ലെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് ശൈലജയ്ക്ക് ലോകായുക്ത നോട്ടീസ് നല്‍കിയത്. ശൈലജ നേരിട്ടോ വക്കീല്‍ മുഖാന്തരമോ ഡിസംബര്‍ 8നു ഹാജരാകണമെന്നാണ് നിര്‍ദേശം. ഇവരുടെ വാദം കേള്‍ക്കുന്നതിനൊപ്പം രേഖകള്‍ പരിശോധിച്ച് ലോകായുക്ത നേരിട്ടുള്ള അന്വേഷണവും നടത്തും. വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആയിരുന്ന വീണ എസ്.നായരാണു പരാതിയുമായി ലോകായുക്തയെ സമീപിച്ചത്.

കെ.കെ. ശൈലജ, അന്നത്തെ ആരോഗ്യ സെക്രട്ടറി രാജന്‍ എന്‍.ഖോബ്രഗഡെ, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എം.ഡിയായിരുന്ന ബാലമുരളി, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുന്‍ ജനറല്‍ മാനേജര്‍ എസ്.ആര്‍. ദിലീപ് കുമാര്‍, സ്വകാര്യ കമ്പനി പ്രതിനിധികള്‍ എന്നിവരടക്കം 11 പേര്‍ക്കെതിരെയാണു പരാതി. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കു നോട്ടീസ് അയച്ച് പ്രാഥമിക വാദവും അന്വേഷണവും പൂര്‍ത്തിയായതിനെത്തുടര്‍ന്നാണു കേസ് ഫയലില്‍ സ്വീകരിച്ചത്.

 

Back to top button
error: