KeralaNEWS

എൻ.ഡി.പി.എസ്. അഥവാ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ്‌ സൈക്കോട്രോപിക് സബ്‌സ്റ്റൻസസ്‌ ആക്ട് അ‌ത്രനിസാരക്കാരനല്ല; ലഹരിക്കേസിൽ വധശിക്ഷവരെ കിട്ടും

ൻ.ഡി.പി.എസ്. അഥവാ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ്‌ സൈക്കോട്രോപിക് സബ്‌സ്റ്റൻസസ്‌ ആക്ട്(ഇന്ത്യ) 1985 പ്രകാരമാണ് ലഹരി മരുന്ന് ഇടപാട് കേസുകളിൽ സംസ്ഥാന സർക്കാരുകൾ കേസെടുക്കുന്നത്. കേന്ദ്രനിയമം ആയതിനാൽ തന്നെ ഇത് തന്നെയാണ് സംസ്ഥാനങ്ങളും പിന്തുടരുന്നത്. സംസ്ഥാനങ്ങൾക്ക് പ്രത്യേക നിയമമില്ല. ഇത് നിലവിൽ വന്നിട്ട് വർഷങ്ങളായിട്ടും കർശന വ്യവസ്ഥകൾ നിയമത്തിൽ പറയുമ്പോഴും എന്തുകൊണ്ട് രാജ്യത്ത് ലഹരി ഉപയോഗത്തിന്റേയും ലഹരി മരുന്ന് വിൽപ്പനയുടേയും കണക്കുകൾ വർഷാ വർഷം വർധിച്ചുവരുന്നുവെന്ന ചോദ്യമാണ് പൊതുസമൂഹത്തിൽ നിന്നും ഉയർന്ന് വരുന്നത്.

ഒരു വർഷം മുതൽ മുപ്പത് വർഷം വരെ തടവും പതിനായിരം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ പിഴയും എന്തിന് വധശിക്ഷ വരെ എൻഡിപിഎസ് നിയമത്തിൽ ശിക്ഷയുണ്ട്. പക്ഷെ ധാരാളം പഴുതുകളുമുണ്ട്. ഇതാണ് കുറ്റവാളികളെ രക്ഷപ്പെടാൻ സഹായിക്കുന്നത്. 2015-ൽ നിയമം ഭേദഗതി ചെയ്ത് കൂടുതൽ കർശനമാക്കിയിട്ടുമുണ്ട്. മയക്കുമരുന്നിനെ ആശ്രയിക്കുന്ന ആളുകൾക്ക് ചികിത്സയും പരിചരണവും മെച്ചപ്പെടുത്തുന്നതിനും പിടിച്ചെടുത്തവ സംസ്‌ക്കരിക്കുന്നതിനും മയക്കുമരുന്ന് കടത്ത് ആരോപണവിധേയരായ വ്യക്തികളുടെ സ്വത്ത് കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Signature-ad

മയക്കുമരുന്നുകളുടെ കൈവശം വെക്കൽ, ഉപയോഗം, വിൽപ്പന തുടങ്ങിയവയാണ് ആക്ടിൽ പ്രധാനമായി പറയുന്ന കാര്യങ്ങൾ. 1985ൽ ആണ് രാജ്യത്ത് എൻ.ഡി.പി.എസ്. ആക്ട് നിലവിൽ വന്നത്. മയക്കുമരുന്ന് നിർമിക്കുക, ഉപയോഗിക്കുക, മറ്റുള്ളവർക്ക് വിപണനം ചെയ്യുക, പണം കൊടുത്ത് വലിയ അളവിൽ വാങ്ങുക തുടങ്ങിയവ തടയുക എന്നതാണ് ആക്ട് പ്രാബല്യത്തിൽ കൊണ്ടുവന്നതിലൂടെ പ്രധാനമായി ഉദ്ദേശിക്കുന്നത്.

മയക്കുമരുന്നിന് അടിമപ്പെട്ട ഒരാൾക്ക് പരിരക്ഷ നൽകുവാനും ആക്ടിലെ സെക്ഷൻ 64.എ യിൽ പറയുന്നുണ്ട്. എന്നാൽ കോടതിക്ക് മാത്രമാണ് ഇതിനുള്ള അധികാരമുള്ളത്. മയക്കുമരുന്ന് കേസിൽപ്പെട്ടയാൾ ലഹരിക്ക് അടിമയാണെങ്കിൽ ലഹരിവിമുക്ത ചികിത്സയ്ക്ക് തയ്യാറാണെന്ന് സമ്മതിച്ചാൽ മാത്രമാണ് നിയമപരിരക്ഷ ലഭിക്കുക. ചെറിയ അളവിൽ മാത്രമാണ് ലഹരി കൈവശമുള്ളതെങ്കിൽ മാത്രമാണ് പരിരക്ഷ ലഭിക്കുക.

എൻ.ഡി.പി.എസ്. ആക്ട് പ്രകാരമുള്ള കേസുകളിൽ കുറ്റകൃത്യങ്ങളുടെ ഗൗരവം അനുസരിച്ചാണ് ശിക്ഷാ നടപടികൾ തീരുമാനിക്കുന്നത്. വധശിക്ഷയാണ് ഇത്തരം കേസുകളിൽ പരമാവധി നൽകുന്ന ശിക്ഷ. മയക്കുമരുന്ന് വലിയ അളവിൽ വിപണനത്തിന് ഉപയോഗിക്കുന്നവർക്കാണ് വധശിക്ഷ പോലും കിട്ടാവുന്ന കുറ്റമായി കണക്കാക്കുക.

നിരോധിക്കപ്പെട്ട മയക്കുമരുന്ന് ഉപയോഗിക്കുക മാത്രം ചെയ്തവർക്ക് ജാമ്യം നൽകുവാനും ആക്ട് അനുസരിച്ച് സാധ്യതയുണ്ട്. ഉപയോഗിച്ചയാൾ ഇതിന്റെ വ്യാപാരവുമായി ഇടപെടാത്ത ആളാണെങ്കിലാണ് ജാമ്യം ലഭിക്കുക. എന്നാൽ ഇതിനും കോടതിയിൽ ബോണ്ട് ഉൾപ്പെടെ സമർപ്പിക്കേണ്ടതുണ്ട്.

2015-ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി അനുസരിച്ച് ഇത്തരം നിരോധിത മയക്കുമരുന്നുകളുടെ പട്ടികയിൽ ഏതൊക്കെ ഉൾപ്പെടും എന്ന് എപ്പോൾ വേണമെങ്കിൽ ഭേദഗതി ചെയ്യാം. മെഫെഡ്രോൺ ഉപയോഗം രാജ്യത്ത് യുവാക്കൾക്കിടയിൽ വർധിച്ചതോടെ ഇതിനെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

ലഹരിക്കെതിരേ നിലവിലുള്ള കേന്ദ്രനിയമമാണ് സംസ്ഥാനത്തിനും തുടരാനാകുക. ഇതിനുപകരമായി സംസ്ഥാനത്തിന് മറ്റൊരു നിയമനിർമാണം സാധ്യമാകില്ല. ഇതാണ് പ്രതിസന്ധിയും. പിടിക്കപ്പെടുന്ന ലഹരിമരുന്നിന്റെ അളവിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം നൽകുന്നതടക്കമുള്ള നടപടികൾ. പലപ്പോഴും നിയമത്തിലുള്ള പഴുതുകൾ മൂലം ചെറിയ ശിക്ഷമാത്രമായോ പ്രതികൾ രക്ഷപ്പെടാനോ കാരണമാകുന്നുണ്ട്. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ലഹരിവ്യാപനം തടയാനും കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനും കഴിയുന്ന വിധത്തിൽ നിയമഭേദഗതിക്ക് കേരളം ഇടപെടൽ നടത്തും.

ശിക്ഷയിങ്ങനെ

പിടിച്ചെടുക്കപ്പെടുന്ന മയക്കുമരുന്നിന്റെ അളവനുസരിച്ചാണ് എൻഡിപിഎസ്. നിയമപ്രകാരമുള്ള ശിക്ഷ തീരുമാനിക്കുന്നത്. ഇനിപ്പറയുന്ന ഭേദഗതികളും നിയമത്തിൽ വരുത്തിയിട്ടുണ്ട്. അതിൻപ്രകാരം പിടിച്ചെടുക്കുന്ന മയക്കു മരുന്നുകളുടെ അളവിന്റെ അടിസ്ഥാനത്തിൽ ശിക്ഷകൾ മൂന്നു തരത്തിൽ വിഭജിച്ചിട്ടുണ്ട്, അതോടൊപ്പം, ശിക്ഷയുടെ കാഠിന്യം സംബന്ധിച്ച കാര്യങ്ങളിൽ കോടതിക്ക് വിവേചനാധികാരമുണ്ട്. കഞ്ചാവിനെ സംബന്ധിച്ച ഉദാഹരണം നോക്കിയാൽ, ഏതെങ്കിലും കഞ്ചാവ് ചെടി വളർത്തുന്നതിയതായി കണ്ടെത്തിയാൽ, 10 വർഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.

കൂടാതെ, കഞ്ചാവിന്റെ ഉത്പാദനം, നിർമാണം, കൈവശം വയ്ക്കൽ, വിൽപ്പന, വാങ്ങൽ, കഞ്ചാവുമായി ബന്ധപ്പെട്ട ഗതാഗതം, അനധികൃതമായ കടത്ത് എന്നിവ പിടിച്ചെടുത്ത കഞ്ചാവിന്റെ അളവിനെ അടിസ്ഥാനമാക്കി ശിക്ഷ നിശ്ചയിക്കും. അങ്ങനെ നോക്കുമ്പോൾ, ചെറിയ അളവിൽ കഞ്ചാവ് പിടിച്ചെടുക്കുന്നതിനുള്ള ശിക്ഷ ഒരു വർഷം വരെ കഠിന തടവും 10,000 രൂപ വരെ പിഴയുമാണ്. പിടിച്ചെടുക്കൽ വാണിജ്യ അളവിനേക്കാൾ കുറവാണെങ്കിലും നിയമപ്രകാരം കണക്കാക്കിയിരിക്കുന്ന ചെറിയ അളവിനേക്കാൾ കൂടുതലാണ് എന്ന് കണ്ടെത്തിയാൽ, കുറ്റവാളിക്ക് 10 വർഷം വരെ കഠിന തടവും പിഴയിനത്തിൽ കുറ്റവാളിയിൽ നിന്ന് ഒരു ലക്ഷം രൂപ വരെയും ഈടാക്കാം.

അതേസമയം വാണിജ്യപരമായ അളവിൽ കഞ്ചാവ് കൈവശം വച്ചതായി കണ്ടെത്തിയാൽ 10 വർഷത്തിൽ കുറയാത്തതും എന്നാൽ 20 വർഷം വരെ നീട്ടാവുന്നതുമായ കഠിനമായ തടവു ശിക്ഷയും ഒപ്പം പിഴയിനത്തിൽ ഒരു ലക്ഷം രൂപയിൽ കുറയാത്തതും രണ്ട് ലക്ഷം രൂപ വരെയുള്ള തുകയും ഈടാക്കാവുന്നതാണ്. അതു പോലെ തന്നെ കോടതിക്ക് രണ്ട് ലക്ഷം രൂപയിൽ കൂടുതൽ പിഴ ഈടാക്കാനും. അധികാരമുണ്ടെന്നാണ് നിയമം പറയുന്നത്.

സെക്ഷൻ 27 അനുസരിച്ച് ഏതെങ്കിലും മയക്കുമരുന്ന് അല്ലെങ്കിൽ ലഹരി പദാർഥം കഴിക്കുന്നതിനുള്ള ശിക്ഷയും ഈ നിയമത്തിന്റെ പരിധിയിലാണ് വരുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ കൊക്കെയ്ൻ, മോർഫിൻ, ഡയസെറ്റൈൽമോർഫിൻ അല്ലെങ്കിൽ മറ്റേതെങ്കിലും മയക്കുമരുന്ന് അല്ലെങ്കിൽ ഏതെങ്കിലും ലഹരി പദാർഥം തുടങ്ങിയ മാനദണ്ഡങ്ങൾ പ്രകാരം ശിക്ഷ ‘ഒരു വർഷം വരെ കഠിനതടവ് അല്ലെങ്കിൽ ഇരുപതിനായിരം രൂപ വരെ പിഴയോടുകൂടിയ കഠിന തടവ് തുടങ്ങിയവയായി ഉൾപ്പെടുന്നു.

മുകളിൽ പറഞ്ഞിരിക്കുന്ന പട്ടികയിൽപ്പെടാത്ത ഏതെങ്കിലും മയക്കുമരുന്ന് ആണ് കണ്ടെടുക്കുന്നത് എങ്കിൽ ആറു മാസത്തെ തടവും 10,000 രൂപ വരെയുള്ള പിഴയും പ്രതിയിൽ നിന്ന് ഈടാക്കാവുന്നതാണ്. റവന്യൂ വകുപ്പിന്റെ അഭിപ്രായത്തിൽ ഒരു കിലോഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കുന്നത് ചെറിയ അളവും അതിന് മുകളിൽ 20 കിലോ വരെ മീഡിയം അളവും, 20 കിലോഗ്രാമോ അതിൽ കൂടുതലോ ആണെങ്കിൽ വാണിജ്യ അളവുമായാണ് കണക്കാക്കുന്നത്.

ചരസ് / ഹാഷിഷ് തുടങ്ങിയ ലഹരി പദാർഥങ്ങളുടെ കാര്യത്തിൽ, ചെറിയ അളവ് എന്ന് കണക്കാക്കുന്നത് 100 ഗ്രാം വരെയാണ്. അതേസമയം വാണിജ്യ അളവ് എന്ന കണക്കിൽ വരുമ്പോൾ അത് ഒരു കിലോയോ അതിൽ കൂടുതലോ ആണ്. എൻ.ഡി.പി.എസ്. നിയമപ്രകാരം നിരോധിച്ചിട്ടുള്ള മറ്റ് വിവിധ മയക്കുമരുന്ന് വിഭാഗങ്ങൾക്കും ഇത്തരത്തിൽ പ്രത്യേക ചെറിയ./ വാണിജ്യ അളവ് എന്ന പരിധികൾ നിശ്ചയിച്ചിട്ടുണ്ട്.

Back to top button
error: