BusinessTRENDING

രാജ്യത്തെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ ദില്ലിയിൽ നിന്നും ആദ്യ സർവീസ് ആരംഭിച്ചു

ദില്ലി: രാജ്യത്തെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ ദില്ലിയിൽ നിന്നും ആദ്യ സർവീസ് ആരംഭിച്ചു. ദില്ലിയിൽ നിന്നും ബെംഗളൂരുവിലേക്കാണ് ആകാശ പുതിയ പറക്കൽ നടത്തിയത്.  രാവിലെ 11.40ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2:25ന് ബെംഗളൂരുവിലെത്തി. ദില്ലി എയർപോർട്ടിൽ നിന്നുള്ള ആദ്യ സർവീസിന്റെ വിശേഷങ്ങൾ ആകാശ എയർ ട്വിറ്ററിൽ പങ്കുവെച്ചു.  മറ്റൊരു ട്വീറ്റിൽ, ദില്ലിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ആകാശയുടെ ആദ്യത്തെ വിമാനം പറന്നുയരുമ്പോൾ ദില്ലി വിമാനത്താവളത്തിൽ നിന്നുള്ള ആഘോഷങ്ങളുടെ ദൃശ്യങ്ങളും കമ്പനി ട്വിറ്ററിൽ പങ്കിട്ടു.

ആകാശ എയറിന് നിലവിൽ 6 വിമാനങ്ങളുണ്ട്, കൂടാതെ പ്രതിദിനം 30 ഓളം സർവീസുകൾ നടത്തുകയും ചെയ്യുന്നു. അടുത്ത വർഷം മാർച്ച് അവസാനത്തോടെ കമ്പനിക്ക് 18 പുതിയ പുതിയ വിമാനങ്ങൾ ലഭിക്കും, കൂടാതെ 72 ബോയിംഗ് 737-800 മാക്സ് വിമാനങ്ങളും ഓർഡർ ചെയ്തിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 72 വിമാനങ്ങൾ ആകാശ എയർലൈനിൽ ഉൾപ്പെടുത്താൻ ലക്ഷ്യമിടുന്നു എന്ന് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വിനയ് ദുബെ വ്യക്തമാക്കിയിരുന്നു.

Signature-ad

ഇന്ത്യൻ വാണിജ്യ വ്യോമയാന രംഗത്തേക്ക് 2022 ഓഗസ്റ്റ് 7 നാണ് ആകാശ പറന്നുയരുന്നത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നിന്ന് അഹമ്മദാബാദ് നഗരത്തിലേക്കായിരുന്നു ആകാശയുടെ ആദ്യ യാത്ര. വർഷാവസാനത്തോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കാനും ആകാശ പദ്ധതിയിടുന്നു. അടുത്തിടെയാണ് കമ്ബനി വിജകരമായി 60 ദിവസത്തെ പ്രവർത്തനം പൂർത്തിയാക്കിയത്.

അന്തരിച്ച പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻ‌ജുൻ‌വാലയുടെ പിന്തുണയോടെയാണ് ആകാശ എയർലൈൻ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ജുൻ‌ജുൻ‌വാലയ്ക്ക് ആകാശയിൽ 40 ശതമാനത്തിലധികം ഓഹരിയാണുള്ളത്. സിഇഒയും സ്ഥാപകനുമായ വിനയ് ദുബെയും സഹസ്ഥാപകനായ ആദിത്യ ഘോഷുമാണ് ആകാശയെ നയിക്കുന്നത്. ഡെൽറ്റ, ഗോ ഫസ്റ്റ് ജെറ്റ് എയർവേസ് തുടങ്ങിയ എയർലൈനുകളിൽ അനുഭവപരിചയമുള്ള ഒരു വ്യവസായ വിദഗ്ധനാണ് ദുബെ. 2018 വരെ 10 വർഷം ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻ ആയ ഇൻഡിഗോയുടെ പ്രസിഡന്റായിരുന്നു ഘോഷ്.

Back to top button
error: