BusinessTRENDING

ഡിജിറ്റൽ രൂപ ഉടനെയെന്ന് ആർബിഐ; ആദ്യ ഘട്ടം പരീക്ഷണാടിസ്‌ഥാനത്തിൽ

ദില്ലി: ഡിജിറ്റൽ രൂപ പുറത്തിറക്കാൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പ്രത്യേക ഉപയോഗങ്ങൾക്കായി മാത്രം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള ഡിജിറ്റൽ രൂപ ഉടൻ പുറത്തിറക്കുമെന്ന് ആർബിഐ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റൽ രൂപ പുറത്തിറക്കുക.

ഡിജിറ്റൽ കറൻസിയുടെ ഗുണവും ദോഷവും കുറച്ചു കാലമായി ആർബിഐ വിലയിരുത്തുന്നുണ്ട്. അത് ഘട്ടം ഘട്ടമായി നടപ്പിലാക്കാനുള്ള പദ്ധതിയിലാണെന്ന് ആർബിഐയുടെ പ്രസ്താവനയിൽ പറയുന്നു. നിലവിലെ സാമ്പത്തിക വ്യവസ്ഥയ്ക്ക് തടസ്സം വരാത്ത രീതിയിൽ ആയിരിക്കും ഡിജിറ്റൽ കറൻസി ഔദ്യോഗികമായി പുറത്തിറക്കുക.  ഡിജിറ്റൽ കാര്സിയുടെ ഉപയോഗത്തെ കുറിച്ചും സവിശേഷതകളെ കുറിച്ചും പൗരന്മാർക്ക് അവബോധം നൽകുന്നതിനാണ് പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ കറൻസി എത്തുന്നത്.

Signature-ad

ഈ സാമ്പത്തിക വർഷത്തിൽ ഡിജിറ്റൽ രൂപ പുറത്തിറക്കുമെന്ന് ഫെബ്രുവരിയിൽ ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. ക്രിപ്‌റ്റോകറൻസികൾക്ക് കൂടുതൽ പ്രചാരം വന്നതോടെ ആർബിഐ ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതിനെ കുറിച്ച് നിരവധി ചർച്ചകൾ ഉണ്ടായിരുന്നു. സ്വകാര്യ ക്രിപ്‌റ്റോകറൻസികളുമായി ബന്ധപ്പെട്ട അപകടസാധ്യതകളൊന്നുമില്ലാതെ, ഡിജിറ്റൽ കറൻസി ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്താനുള്ള അവസരം ഉപയോക്താക്കൾക്ക് നൽകേണ്ടത് സെൻട്രൽ ബാങ്കിന്റെ ഉത്തരവാദിത്തമാണ് എന്ന് ആർബിഐ വ്യക്തമാക്കുന്നു.

മുൻകാലങ്ങളിൽ, ബിറ്റ്‌കോയിൻ, ഈഥർ തുടങ്ങിയ സ്വകാര്യ ക്രിപ്‌റ്റോകറൻസികൾ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം, നികുതി വെട്ടിപ്പ് തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ആർബിഐ പ്രതിപാദിച്ചിരുന്നു. ഇത്തരത്തിലുള്ള അപകട സാധ്യതകൾ ഇല്ലാതെ സ്വന്തം ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതിലൂടെ ഓരോ പൗരനും ഡിജിറ്റൽ കറൻസി ഉപയോഗിക്കാൻ സാധിക്കും എന്നുള്ളതാണ് ആർബിഐ മുന്നോട്ട് വെക്കുന്ന ആശയം. അതിന്റെ ആദ്യ ചുവടുവെയ്പ് മാത്രമായിരിക്കും ഇപ്പോൾ നടക്കുക.

Back to top button
error: