മുംബൈ: പൊതുമേഖലാ ബാങ്കായ ഐഡിബിഐ ബാങ്കിനെ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനവുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. ഇതിന്റെ ഭാഗമായി ഐഡിബിഐ ബാങ്കിൽ കേന്ദ്രസർക്കാരിനും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്കും നിലവിലുള്ള 60.74% ഓഹരികളും വിൽക്കാൻ തീരുമാനമായി. ഐഡിബിഐ ബാങ്കിലെ ഓഹരി വിറ്റഴിക്കലും, മേൽനോട്ട ചുമതലയും ഒഴിവാക്കാൻ 2021 മെയ് മാസത്തിലാണ് കേന്ദ്രസർക്കാർ തത്വത്തിൽ അനുമതി നൽകിയത്.
ഐ ഡി ബി ഐ ബാങ്കിനെ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന കമ്പനി കഴിഞ്ഞ അഞ്ചു വർഷത്തിൽ മൂന്നുവർഷവും നെറ്റ് പ്രോഫിറ്റ് ഉണ്ടാക്കിയ കമ്പനി ആയിരിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. കുറഞ്ഞത് 22,500 കോടിരൂപയുടെ ആസ്തിയും കമ്പനിക്ക് ഉണ്ടായിരിക്കണം. കൺസോർഷ്യം വഴിയാണ് ബാങ്കിനെ ഏറ്റെടുക്കുന്നത് എങ്കിൽ പരമാവധി നാല് പേർ മാത്രമേ കൺസോർഷ്യത്തിൽ അംഗമായിരിക്കാവൂ എന്നും നിബന്ധനയുണ്ട്.
ഇതിനുപുറമേ ലേലം വിജയകരമായി നേടുന്ന കമ്പനി അടുത്ത അഞ്ചു വർഷത്തേക്ക് ഐ ഡി ബി ഐ ബാങ്കിന്റെ 40 ശതമാനം ഓഹരികൾ നിർബന്ധമായും കൈവശം വെച്ചിരിക്കണം എന്നും കേന്ദ്രത്തിന്റെ നിബന്ധനയാണ്. ആർക്കാണ് ലേലം അനുവദിക്കേണ്ടത് എന്നതടക്കം പ്രധാനപ്പെട്ട തീരുമാനങ്ങൾ റിസർവ് ബാങ്കിന്റെ കൂടിയാണ്. വൻകിട കോർപ്പറേറ്റ് കമ്പനികളെയും വ്യവസായ സ്ഥാപനങ്ങളെയും ബാങ്കിന്റെ ഓഹരികൾ ഏറ്റെടുക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.
ഐഡിബിഐ ബാങ്കിൽ സർക്കാരിനും എൽഐസിക്കും 94.72 ശതമാനം ഓഹരിയുണ്ട്. അതേസമയം എൽഐസി മ്യൂച്ചൽ ഫണ്ട്, ഐ ഡി ബി ഐ മ്യൂച്ചൽ ഫണ്ട് എന്നീ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ലയന നടപടികൾ പുരോഗമിക്കുകയാണ്. ഒരൊറ്റ പ്രമോട്ടർക്ക് രണ്ട് അസറ്റ് മാനേജ്മെന്റ് കമ്പനികളിൽ 10 ശതമാനത്തിലധികം നിക്ഷേപം പാടില്ലെന്ന റഗുലേറ്ററി നിർദേശത്തെ തുടർന്നാണ് ലയന നടപടികൾ മുന്നോട്ടു പോകുന്നത്.
ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് എൽഐസി മ്യൂച്ചൽ ഫണ്ട്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഭൂരിഭാഗം ഓഹരികളും കൈയ്യാളുന്ന ഐ ഡി ബി ഐ ബാങ്കിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ളതാണ് ഐഡിബിഐ മ്യൂച്ചൽ ഫണ്ട്. ഈ സാഹചര്യത്തിലാണ് എൽഐസി മ്യൂച്ചൽ ഫണ്ടിൽ ഐഡിബിഐ മ്യൂച്വൽ ഫണ്ടിനെ ലയിപ്പിക്കുന്നത്.