‘ഇന്നലെ രാത്രിയാണ് തലപ്പുഴ പുതിയിടം മൂത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി വീണത്. ഇന്ന് രാവിലെ മോട്ടോര്‍ നോക്കാന്‍ വേണ്ടി ചെന്നപ്പോഴാണ് വീട്ടുകാര്‍ പുലിയെ കണ്ടത്. തുടര്‍ന്ന് വനപാലകരെ വിവരമറിയിച്ചു. വനപാലകര്‍ സ്ഥലത്തെത്തി പുലിയെ രക്ഷപ്പെടുത്തി, അനന്തര നടപടികള്‍ ആലോചിക്കുന്നു.
അതിനിടെ ബത്തേരിക്കടുത്ത്പഴൂർ മുണ്ടക്കൊല്ലി ഭാഗത്ത് ഇന്നലെ രാത്രിയും കടുവയുടെ ആക്രമണം ഉണ്ടായി. കർഷകരുടെ പശുക്കൾക്ക് നേരെയാണ് രാത്രി കടുവയുടെ ആക്രമണം ഉണ്ടായത്. ഒരു പശുവിനെ കൊന്നു. കണ്ണാപ്പറമ്പിൽ ഡാനിയലിന്റെ പശുവിനെയാണ് കടുവ കൊന്നത്. ഒരാഴ്ചയ്ക്കിടെ ഇദ്ദേഹത്തിന്റെ രണ്ടാമത്തെ പശുവിനെ ആണ് കടുവ കൊല്ലുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഡാനിയലിന്റെ മറ്റൊരു പശുവിനെ കൊന്നത്. കളത്തുംപടിക്കൽ അയ്യപ്പൻ, അയ്യൻചോല വേലായുധൻ എന്നിവരുടെ പശുക്കൾക്ക് നേരെയും ഇന്നലെ ആക്രമണങ്ങൾ ഉണ്ടായി. രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഒരു ഇടവേളയ്ക്ക് ശേഷം പഴൂർ മുണ്ടക്കൊല്ലി പ്രദേശത്ത് വീണ്ടും കടുവയുടെ ആക്രമണം രൂക്ഷമാവുകയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി വ്യാപക ആക്രമണങ്ങളാണ് ഉണ്ടാകുന്നത്. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുക്കാർ പരാതിപ്പെടുന്നു. ഇതിൽ പ്രതിഷേധിച്ച് ജനങ്ങൾ പഴൂർ വനം വകുപ്പ് ഓഫീസ് ഉപരോധിക്കുകയാണ് ഇപ്പോൾ.