ദില്ലി: ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ 5,551 കോടി രൂപ പിടിച്ചെടുത്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അറിയിച്ചത്. ഇതുവരെയുള്ള രാജ്യത്തെ ഏറ്റവും വലിയ പണം പിടിച്ചെടുക്കലാണ് ഇതെന്നാണ് ഇഡി പത്രകുറിപ്പില്‍ അറിയിക്കുന്നത്. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് അഥവാ ഫെമ നിയമ പ്രകാരമാണ് ഈ നടപടി. എന്നാല്‍ ഇതിനെതിരെ പ്രതികരണവുമായി ഷവോമി രംഗത്ത് എത്തി. 5,551 കോടി രൂപ പിടിച്ചെടുത്ത ഇന്ത്യയുടെ നടപടി നിരാശയുണ്ടെന്നും എന്നാല്‍, കമ്പനിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് മുന്നോട്ട് പോകുമെന്ന് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി കോര്‍പ്പറേഷന്‍ ഞായറാഴ്ച വ്യക്തമാക്കി.
ഈ വര്‍ഷം ആദ്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത 5,551 കോടി രൂപയുടെ 84 ശതമാനവും യുഎസ് ചിപ്സെറ്റ് കമ്പനിയായ ക്വാല്‍കോം ഗ്രൂപ്പിന് നല്‍കിയ റോയല്‍റ്റി പേയ്മെന്റാണെന്ന് ചൈനീസ് സ്മാര്‍ട്ട് ഉപകരണ സ്ഥാപനം ഞായറാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. ”കമ്പനിയുടെയും ഞങ്ങളുടെ പങ്കാളികളുടെയും പ്രശസ്തിയും താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ ഞങ്ങള്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുന്നത് തുടരും,” എന്നാണ് ഷവോമി തങ്ങളുടെ വാര്‍ത്ത കുറിപ്പില്‍ പറയുന്നത്. സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിക്കുന്നതിന് ഐപി ലൈസന്‍സ് നല്‍കുന്നതിന് ക്വാല്‍കോമുമായി നിയമപരമായ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് പറയുന്ന ഷവോമി ഇന്ത്യ, തങ്ങള്‍ ഷവോമി കമ്പനിയുടെ ഭാഗമാണെന്നും വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. ഷവോമിയും ക്വാല്‍കോമും റോയല്‍റ്റി നല്‍കാനുള്ള നിയമാനുസൃത വാണിജ്യ ക്രമീകരണം ഷവോമി ഇന്ത്യയ്ക്ക് ഉണ്ടെന്നാണ് വിശ്വസിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.
കൗണ്ടര്‍പോയിന്റ് റിസര്‍ച്ചില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്, 18% വീതം ഷെയറുമായി, ഷവോമിയും സാംസങ്ങും ആണ് ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ വിപണിലെ ഏറ്റവും കൂടുതല്‍ കച്ചവടം നടത്തുന്നത്. ചൈനയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണിയാണ് ഇന്ത്യ. 2020 ലെ അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായതോടെ ഇന്ത്യന്‍ സര്‍ക്കാര്‍ പല ചൈനീസ് കമ്പനികള്‍ക്കെതിരെയുമുള്ള നിയമപരമായ കാര്യങ്ങള്‍ ദൃഢമാക്കിയിരുന്നു. നേരത്തെ ഷവോമി ഇന്ത്യ രാജ്യത്തിന് പുറത്ത് ഫണ്ട് കൈവശം വെച്ചത് ഫെമയുടെ ലംഘനമാണെന്ന് ഫോറിന്‍ എക്സ്ചേഞ്ച് അതോറിറ്റി കണ്ടെത്തിയതായും. ഇത് ഫണ്ട് പിടിച്ചെടുക്കുന്നതിലേക്ക് നയിച്ചതായും ഇഡി പ്രസ്താവനയില്‍ അറിയിച്ചു. റോയല്‍റ്റിയുടെ പേരില്‍ ഷവോമി ഇന്ത്യ വിദേശത്തേക്ക് ഫണ്ട് അയച്ചുവെന്ന് ഇഡി ഏപ്രില്‍ തന്നെ കണ്ടെത്തിയിരുന്നു.
ചൈന ആസ്ഥാനമായുള്ള ഷവോമി ഗ്രൂപ്പിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഒരു വിഭാഗമാണ് ഷവോമി ഇന്ത്യ. 2014ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇവര്‍. ഒരു വര്‍ഷത്തിന് ശേഷം വിദേശത്തേക്ക് പണം അയക്കാന്‍ തുടങ്ങിയെന്നാണ് ഇഡി പറയുന്നത്. റോയല്‍റ്റി എന്ന പേരില്‍ വിദേശത്തേക്ക് പണം അയത്ത് വിദേശ പണ വിനിമയ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് ഫോറിന്‍ എക്സ്ചേഞ്ച് അതോറിറ്റി നിരീക്ഷിച്ചതായി ഇഡി പറയുന്നു. ‘റോയല്‍റ്റിയുടെ പേരില്‍ ഇത്രയും വലിയ തുക അവരുടെ ചൈനീസ് മാതൃസ്ഥാപനത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അയച്ചത്. യുഎസ് ആസ്ഥാനമായുള്ള ബന്ധമില്ലാത്ത മറ്റ് രണ്ട് സ്ഥാപനങ്ങള്‍ക്ക് അയച്ച തുകയും അത്യന്തികമായി ഷവോമിക്ക് ഗുണം ഉണ്ടാക്കുന്ന രീതിയിലാണ്’ ഇഡി പ്രസ്താവനയില്‍ പറഞ്ഞു.