ഹജ്ജ് കർമ്മത്തിന് കാല്‍നടയായി കേരളത്തിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ട മലപ്പുറം ആതവനാട് സ്വദേശി ശിഹാബ് ചോറ്റൂരിന് പാക്കിസ്ഥാൻ വിസ നിഷേധിച്ചു. പഞ്ചാബ് ഷാഹി ഇമാം മൗലാനാ മുഹമ്മദ് ഉസ്മാന്‍ ലുധിയാനവിയാണ് പാക്കിസ്ഥാന്‍ വിസ നിഷേധിച്ചക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്.
29കാരനായ ശിഹാബ് ചോറ്റൂർ ഇതിനോടകം 3200 കി.മീ കാൽ നടയായി പിന്നിട്ട് ഇന്ത്യ-പാക്കിസ്ഥാൻ അതിര്‍ത്തിയിൽ എത്തിയതോടെയാണ് നേരത്തെ പറഞ്ഞ വാക്ക് ലംഘിച്ച് പാക് അധികൃതര്‍ വിസ നിഷേധിച്ചിരിക്കുന്നത്. ഇതോടെ യാത്ര താല്‍ക്കാലികമായി മുടങ്ങിയിരിക്കുകയാണ്.
ഇന്തോ-പാക് അതിര്‍ത്തിയിലെത്തുമ്പോള്‍ വിസ നല്‍കാം എന്നാണ് പാക്കിസ്ഥാൻ എംബസി അധികൃതര്‍ നേരെത്തെ ശിഹാബിന് നല്‍കിയിരുന്ന ഉറപ്പ്. വിസ നേരത്തെ നല്‍കിയാല്‍ അത് കാലഹരണപ്പെടുമെന്നും അതിനാല്‍ അതിര്‍ത്തിയിലെത്തിയ ഉടന്‍ തന്നെ നല്‍കാം എന്നും എംബസി പറഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ഷിഹാബ് വാഗാ അതിര്‍ത്തിക്കടുത്ത് എത്തിയതോടെ പാക് അധികൃതര്‍ വിസ നല്‍കാന്‍ വിസമ്മതിച്ചു. ഷാഹി ഇമാം വിശദമാക്കി. കാല്‍നടയായി 3200 കിലോ മീറ്ററോളം സഞ്ചരിച്ചെത്തിയ ശിഹാബിനോട് പാക് അധികൃതര്‍ വിശ്വാസവഞ്ചനയാണ് കാണിച്ചിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.
ഈ സാഹചര്യത്തില്‍ ശിഹാബിന് ഹജ്ജ് ചെയ്യാനായി, പാക്കിസ്ഥാന് പകരം ചൈനയിലൂടെ യാത്ര തുടരാന്‍ അനുമതി ലഭിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തണം എന്നാവശ്യപ്പെട്ട് ഷാഹി ഇമാം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിട്ടുണ്ട്. സെപ്തംബര്‍ ഏഴിന് പഞ്ചാബിലെത്തിയ ഷിഹാബ് തന്റെ യാത്രയുടെ 125 മത്തെ ദിനമായ ഇന്ന്, 2022 ഒക്ടോബര്‍ നാലിനു പഞ്ചാബിലെ വാഗാ അതിര്‍ത്തിക്കടുത്തുള്ള ഖാസയിലാണ് ഉള്ളത്.
ജൂൺ രണ്ടിന് പുലർച്ച ആറോടെയാണ് ശിഹാബ് 8640 കി.മീ താണ്ടി ഹജ്ജ് ചെയ്യാനുള്ള സ്വപ്നയാത്രക്ക് വളാഞ്ചേരിക്കടുത്ത ആതവനാടുനിന്ന് മക്കയിലേക്ക് കാല്‍നടയാത്ര ആരംഭിച്ചത്.
കേരളത്തിലും പുറം സംസ്ഥാനങ്ങളിലും വൻ സ്വീകരണമൊരുക്കിയാണ് വിശ്വാസികൾ ശിഹാബിന്‍റെ യാത്രക്ക് പിന്തുണ അറിയിക്കുന്നത്. ജനബാഹുല്യം കാരണം പലയിടത്തും കനത്ത പൊലീസ് ബന്തവസ്സിലാണ് യാത്ര. രാജസ്ഥാനിൽ 30 പൊലീസുകാരുടെ അകമ്പടിയിലായിരുന്നു ശിഹാബിന്‍റെ സഞ്ചാരം.
ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലൂടെ 8600 കി.മീ താണ്ടി 2023 ഫെബ്രുവരിയില്‍ മക്കയില്‍ എത്താനാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസേന ഏകദേശം 25 മുതല്‍ 35 കി.മീ ദൂരമാണ് ശിഹാബ് നടക്കുന്നത്.
ഇതിനിടെ ശിഹാബിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. അരമണിക്കൂറിനകം അക്കൗണ്ട് തിരികെ ലഭിക്കുകയും ചെയ്തു.
23 ലക്ഷത്തിലധികം പേർ പിന്തുടരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രൊഫൈൽ ചിത്രമായി ഒരു വിദേശവനിതയുടെ പടം വന്നതോടെയാണ് ഹാക്ക് ചെയ്തുവെന്ന കാര്യം പലരും കമന്‍റായി രേഖപ്പെടുത്തിയത്. ദിവസവും യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാനാണ് ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത്.