MovieNEWS

‘തൊഴില്‍നിഷേധം തെറ്റാണ്,’ ശ്രീനാഥ് ഭാസി വിഷയത്തില്‍ പ്രതികരണവുമായി മമ്മൂട്ടി

കൊച്ചി: അവതാരകയെ അപമാനിച്ച വിഷയത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെ നിര്‍മാതാക്കളുടെ സംഘടന വിലക്കിയതിനെതിരേ മമ്മൂട്ടി. വിലക്ക് പാടില്ലെന്നും തൊഴില്‍ നിഷേധം തെറ്റാണെന്നും കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ താരം വ്യക്തമാക്കി.

‘റോഷാക്ക്’ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. വിലക്കിനെ കുറിച്ചുള്ള ചോദ്യത്തിന് ‘വിലക്ക് മാറ്റിയില്ലേ?’ എന്നായി താരത്തിന്റെ മറുചോദ്യം. ഇല്ലെന്ന മറുപടി വന്നപ്പോള്‍ തൊഴില്‍ നിഷേധം തെറ്റാണെന്നും വിലക്കിയിട്ടില്ലെന്നാണ് താന്‍ അറിഞ്ഞിരുന്നത് എന്നുമായിരുന്നു പ്രതികരണം.

അഭിമുഖത്തിനിടെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ അസഭ്യം പറഞ്ഞതിന്റെ പേരിലാണ് ശ്രീനാഥ് ഭാസിയെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആറു മാസത്തേക്ക് വിലക്കിയത്. സംഭവത്തില്‍ അവതാരക പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പോലീസിലും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ഭാസിയെ പോലീസ് അറസ്റ്റുചെയ്ത് മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് അവതാരക പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കുകയായിരുന്നു.

 

 

 

 

Back to top button
error: