കൊച്ചി: ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പെട്രോള്‍ പമ്പിലൂടെ അപകടകരമായരീതിയില്‍ ‘ചുറ്റിപ്പറന്ന്’ ടൂറിസ്റ്റ് ബസ്. വാഹനമോടിച്ച ഡ്രൈവറെ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി ക്ലാസിലും ഇരുത്തി.
ബസ് ഡ്രൈവര്‍ തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശി അരുണ്‍ ഹരിക്കാണ് എറണാകുളത്ത് വന്ന് ക്ലാസില്‍ ഇരുന്നു ‘പഠിക്കാന്‍’ അവസരമൊരുക്കിയത്. തിങ്കളാഴ്ച രാവിലെ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ സണ്‍റൈസ് ആശുപത്രിക്ക് സമീപത്തെ പെട്രോള്‍ പമ്പിലാണ് ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ കൈവിട്ടകളി അരങ്ങേറിയത്.
തൃശ്ശൂരില്‍നിന്ന് വിദ്യാര്‍ഥികളുമായി പള്ളിക്കരയിലെ വാട്ടര്‍ തീം പാര്‍ക്കിലേക്ക് വന്ന ബസാണ് സീപോര്‍ട്ട് റോഡിലെ ഗതാഗതക്കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ അലക്ഷ്യമായി വാഹനമോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പിന്നാലെ റോഡരികിലെ പെട്രോള്‍ പമ്പിലേക്ക് ബസ് അമിത വേഗത്തില്‍ ഓടിച്ചുകയറ്റി വളച്ചെടുത്ത് മറ്റൊരു ‘ഷോ’ കൂടി.
വണ്ടിയുടെ വരവുകണ്ട് പമ്പിലെ ജീവനക്കാരും പേടിച്ചു. ഡ്രൈവറുടെ ഈ സര്‍ക്കസ് നേരില്‍കണ്ട നാട്ടുകാര്‍ വണ്ടി നമ്പര്‍ സഹിതം എറണാകുളം ആര്‍.ടി. ഓഫീസില്‍ വിവരം അറിയിച്ചു.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ആര്‍. രാജേഷ് ഉടനടി വണ്ടി നമ്പര്‍ വഴി ഉടമയെ ബന്ധപ്പെട്ടു. തുടര്‍ന്ന് ഡ്രൈവറെ ഫോണില്‍ ‘പിടികൂടി’. ആര്‍.ടി. ഓഫീസില്‍ ഹാജരായ ഡ്രൈവര്‍ക്ക് ആദ്യം താക്കീത് നല്‍കി. തുടര്‍ന്ന് എറണാകുളത്തെത്തി റോഡ് നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.