CrimeNEWS

ദമ്പതികളെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് തീകൊളുത്തി കൊല്ലുന്നതിനിടെ പൊള്ളലേറ്റ പ്രതിയും മരിച്ചു

തിരുവനന്തപുരം: കിളിമാനൂര്‍ മടവൂരില്‍ പട്ടാപ്പകല്‍ ദമ്പതികളെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ശശിധരനും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കൊച്ചാലുംമൂട് കാര്‍ത്തികയില്‍ പ്രഭാകരക്കുറുപ്പ് (70), ഭാര്യ വിമലാദേവി എന്നിവരെയാണ് ശശിധരന്‍ കൊലപ്പെടുത്തിയത്.

പ്രഭാകരക്കുറുപ്പ് സംഭവ സ്ഥലത്തും വിമലാദേവി ആശുപത്രിയിലുമാണു മരിച്ചത്. ശശിധരന്‍ നായരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സെപ്റ്റംബര്‍ 30 ന് രാവിലെ 11.30 നാണു സംഭവം. നിലവിളി കേള്‍ക്കുകയും പുകയും തീയും കാണുകയും ചെയ്തതോടെയാണ് നാട്ടുകാരെത്തി വീടിന്റെ വാതില്‍ തള്ളി തുറന്നത്. അപ്പോഴേക്കും പ്രഭാകരക്കുറുപ്പ് മരിച്ചു. പൊള്ളലേറ്റ നിലയിലാണ് ശശിധരന്‍ വീട്ടില്‍നിന്ന് പുറത്തേക്ക് ഇറങ്ങിവന്നത്.

Signature-ad

27 വര്‍ഷം മുന്‍പ് മകന്‍ മരിച്ചതിലുള്ള വൈരാഗ്യമാണ് കിളിമാനൂര്‍ മടവൂര്‍ കൊച്ചാലുംമൂടില്‍ പ്രഭാകരക്കുറുപ്പിനെയും ഭാര്യയെയും കൊലപ്പെടുത്താന്‍ ശശിധരനെ പ്രേരിപ്പിച്ചതെന്നു പൊലീസ്. ശശിധരന്റെ മകനെ ബഹ്‌റൈനിലേക്ക് ജോലിക്കായി അയച്ചത് പ്രഭാകരക്കുറുപ്പാണ്. എന്നാല്‍ പ്രതീക്ഷിച്ച ജോലിയോ ശമ്പളമോ ലഭിച്ചില്ല. ഇതില്‍ മകന്‍ നിരാശനായിരുന്നു.

ഇക്കാര്യം വീട്ടില്‍ പലതവണ അറിയിച്ചശേഷമാണ് മകന്‍ ആത്മഹത്യ ചെയ്തത്. സഹോദരന്‍ മരിച്ച വിഷമത്തില്‍ ശശിധരന്റെ മകളും ആത്മഹത്യ ചെയ്തു. ഇതോടെ പ്രഭാകരക്കുറുപ്പിനോടും കുടുംബത്തോടും ശത്രുതയായി. നിരന്തര ലഹളയെത്തുടര്‍ന്ന് പ്രഭാകരക്കുറുപ്പ്, ശശിധരന്റെ വീടിനടുത്തുനിന്ന് സ്ഥലം മാറി മടവൂരില്‍ വീടു വാങ്ങി.ശശിധരന്റെ മകന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അടുത്തിടെ പ്രഭാകരക്കുറുപ്പിനെ കോടതി വെറുതെ വിട്ടിരുന്നു. ഇതിന്റെ പിന്നാലെയായിരുന്നു കൊലപാതകം.

 

 

 

Back to top button
error: