തിരുവനന്തപുരം: നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍നിന്നു യാത്രക്കാരെ അധിക്ഷേപിച്ച് ഇറക്കിവിട്ട വനിതാ കണ്ടക്ടര്‍ക്കെതിരേ നടപടിയെടുക്കാതെ അധികൃതര്‍. ആറ്റിങ്ങല്‍ ഡിപ്പോയിലെ കണ്ടക്ടര്‍ വര്‍ക്കല നെല്ലിക്കോട് സ്വദേശി ഷീബയാണ് ശനിയാഴ്ച ഉച്ചയ്ക്ക് ചിറയിന്‍കീഴില്‍ പാര്‍ക്ക് ചെയ്ത ബസില്‍നിന്നു യാത്രക്കാരെ ഇറക്കിവിട്ടത്. വിഷയത്തില്‍ കെ.എസ്.ആര്‍.ടി.സി. പ്രാഥമികാന്വേഷണം നടത്തി ഉന്നതാധികൃതര്‍ക്ക് ശനിയാഴ്ചതന്നെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
എന്നാല്‍, നടപടിയുണ്ടായിട്ടില്ല. സംഭവത്തിനു ശേഷം ഒരുമണിയോടെ ചിറയിന്‍കീഴില്‍നിന്ന് തിരുവനന്തപുരത്തേക്കു പോയ ബസ് തിരികെവരുമ്പോള്‍ ആറ്റിങ്ങലിലേക്കെത്താന്‍ ഡിപ്പോ അധികൃതര്‍ കണ്ടക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, വിശദീകരണം നല്‍കാന്‍ തയ്യാറാകാതെ കണ്ടക്ടര്‍ വീട്ടിലേക്കു മടങ്ങിയതായാണ് സൂചന.
ചിറയിന്‍കീഴിലുണ്ടായ സംഭവം ഒരാള്‍ ഫോണിലൂടെ പോലീസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നതായി ഇന്‍സ്‌പെക്ടര്‍ ജി.ബി.മുകേഷ് പറഞ്ഞു. ഇതനുസരിച്ച് പോലീസ് ബസിനെ പിന്തുടര്‍ന്ന് ഡ്രൈവറോട് വിവരങ്ങള്‍ അന്വേഷിച്ചു. യാത്രക്കാര്‍ക്കെങ്കിലും പരാതിയുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തു. എന്നാല്‍, ആരും പരാതി നല്‍കാന്‍ തയ്യാറായില്ല. അതിനാല്‍ കേസെടുത്തിട്ടില്ല. കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പോലീസില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടില്ല.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് കെ.എസ്.ആര്‍.ടി.സിക്കാകെ നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. തിരുവനന്തപുരത്തുനിന്നു ചിറയിന്‍കീഴിലെത്തിയ ബസ് മുരുക്കുംപുഴ-മെഡിക്കല്‍കോളേജ്-തിരുവനന്തപുരം ബോര്‍ഡ് വച്ചശേഷം പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ടു. ഈ സമയം ഈ റൂട്ടിലേയ്ക്കു പോകാനുള്ള യാത്രക്കാര്‍ ബസില്‍ കയറിയിരുന്നു. കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും വയോധികരും കൂട്ടത്തിലുണ്ടായിരുന്നു. ഇവരെയാണ് കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അധിക്ഷേപിച്ച് കണ്ടക്ടര്‍ പുറത്തിറക്കിവിട്ടത്. തനിക്ക് ബസിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കണമെന്നു പറഞ്ഞായിരുന്നു കണ്ടക്ടറുടെ പരാക്രമങ്ങള്‍.