CrimeNEWS

പൊതുവഴി തടസപ്പെടുത്തിയത് ചോദ്യംചെയ്തതിന് ഗര്‍ഭിണിയടക്കം മൂന്നു പേര്‍ക്ക് മര്‍ദനം; പ്രതികള്‍ പിടിയില്‍

പാലക്കാട്: പൊതുവഴി തടസ്സപ്പെടുത്തി ഇരുന്നവരോട് മാറിത്തരാന്‍ ആവശ്യപ്പെട്ടതിന് സംഘംചേര്‍ന്നുള്ള ആക്രമണത്തില്‍ ഗര്‍ഭിണിയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ നാലുപേര്‍ പിടിയിലായി. തൃശ്ശൂര്‍ ആനക്കല്ല് ആവിനിശ്ശേരി നെല്ലിപ്പറമ്പില്‍ വീട്ടില്‍ കിരണ്‍ (28), സഹോദരി സ്വാതി, സഹോദരീ ഭര്‍ത്താവ് ജയേഷ് എന്നിവരെയാണ് ഇരുമ്പുകമ്പിയും മറ്റും ഉപയോഗിച്ച് ആക്രമിച്ചത്. സ്വാതിയുടെ ഫോണ്‍ എറിഞ്ഞുതകര്‍ത്തു.

കഞ്ചിക്കോട് കേന്ദ്രീയവിദ്യാലയത്തിനു സമീപം ഗിരിജാ നിവാസില്‍ എം. ഗിരീഷ് (42), ചടയന്‍കാലായി എസ്.കെ.എം. ഓഡിറ്റോറിയത്തിനു സമീപം ചെമ്മല സത്യാനന്ദന്‍ (47), ഉമ്മിണിക്കുളം ആര്‍. സുരേഷ് (39), ചടയന്‍കാലായി പഞ്ചായത്ത് കല്യാണമണ്ഡപത്തിന് സമീപം കാര്‍ത്തിക് (32) എന്നിവരെ കസബ പോലീസ് പിടികൂടി.

ശനിയാഴ്ച രാത്രി ഒമ്പതരയോടെ കഞ്ചിക്കോട് ഉമ്മിണിക്കുളത്താണ് സംഭവം. ഗര്‍ഭിണിയായ സഹോദരിയെ കാണാന്‍ ഉമ്മിണിക്കുളത്തെ വീട്ടിലേക്ക് പോകുന്ന വഴിയിലായിരുന്നു സംഭവം. പ്രതികള്‍ നാലുപേരും കിരണിനെ തടഞ്ഞ് ആക്രമിച്ചു. സഹോദരിയുടെ മുടിക്കുപിടിച്ച് കൈത്തണ്ടയില്‍ വടികൊണ്ടടിച്ചു. സഹോദരിയുടെ വീടിന്റെ 50 മീറ്റര്‍ പരിധിയിലാണ് സംഭവം. കിരണിന്റെ നിലവിളി കേട്ട് ഓടിയെത്തിയപ്പോഴാണ് സഹോദരിയെയും സഹോദരീഭര്‍ത്താവിനെയും സംഘം ആക്രമിച്ചത്. സഹായത്തിനായി വിളിക്കാന്‍ ഫോണെടുത്തതോടെ വീഡിയോയെടുക്കുകയാണെന്ന് പറഞ്ഞ് സ്വാതിയുടെ ഫോണ്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ചുവെന്നാണ് പരാതി.

അവശനിലയിലായവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതികളെ അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തു. പ്രതികളുടെ പേരില്‍ കസബ സ്റ്റേഷനില്‍ നിരവധി കേസുകളുണ്ട്.

 

 

Back to top button
error: