ജിദ്ദ: പൊതുപ്രവര്‍ത്തകനും സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും മുന്‍നിര പ്രവര്‍ത്തകനുമായിരുന്ന കെ.പി മുഹമ്മദ് കുട്ടി മൗലവി എന്ന കെ.പി.എം കുട്ടി പുളിയക്കോട് (66) ജിദ്ദയില്‍ നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരിച്ചു.
42 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന കെ.പി 1979-ലാണ് ജിദ്ദയില്‍ എത്തിയത്. സുന്നി മര്‍ക്കസ്, എസ്.വൈ.എസ് സംഘടനകളുടെ രൂപീകരണത്തില്‍ മുഖ്യപങ്ക് വഹിച്ചതോടൊപ്പം സൗദിയുടെ വിവിധ ഭാഗങ്ങളില്‍ അതിന്റെ പ്രചാരണമെത്തിച്ചു. നാട്ടില്‍നിന്ന് ജോലിതേടി എത്തുന്നവരെ ജിദ്ദയിലെ ജാമിഅയിലുള്ള തന്റെ റൂമില്‍ സ്വീകരിച്ച അദ്ദേഹം താമസിക്കാനുള്ള സൗകര്യമേര്‍പ്പെടുത്തുകയും സ്‌പോണ്‍സര്‍മാരെ കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു.
കിഴിശ്ശേരിയിലെ ‘മജ്മഅ ഇസ്സത്തുല്‍ ഇസ്ലാം’ കോംപ്‌ളക്‌സ് പടുത്തുയര്‍ത്തിയതില്‍ മുഖ്യപങ്ക് വഹിച്ചു. കരുവാരക്കുണ്ട്, പാലക്കുറ്റി (കൊടുവള്ളി), കോടങ്ങാട് ദര്‍സുകളിലെ പൂര്‍വവിദ്യാര്‍ഥിയാണ്. സൂഫിവര്യനായ മര്‍ഹൂം സി.എസ് മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ ചുള്ളിക്കോട്, മര്‍ഹൂം ഉണ്ണിമോയീന്‍ ഹാജി ഉഗ്രപുരം, മര്‍ഹൂം സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ എന്നിവരാണ് പ്രധാന ഗുരുനാഥര്‍.
മുണ്ടംപറമ്പ് നരിക്കമ്പുറത്ത് ആമിനക്കുട്ടിയാണ് ഭാര്യ. മക്കള്‍: ഷൗക്കത്തലി (സൗദി), സഫിയ, ഉമ്മുസല്‍മ, ഫൗസി മുഹമ്മദ്. മരുമക്കള്‍: ഹാഫിള് അഹമ്മദ് മുഹിയുദ്ദീന്‍ സഖാഫി, എ.പി. ഇബ്‌റാഹീം സഖാഫി അല്‍ അസ്ഹരി. മൃദേഹം സൗദിയില്‍തന്നെ കബറടക്കുവാനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നു.