KeralaNEWS

റെഡ് സല്യൂട്ട്: വിടവാങ്ങിയത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് അതികായന്‍, സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന്

അന്തരിച്ച മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണനോടുള്ള ആദരസൂചകമായി സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്‍ററില്‍ പാര്‍ട്ടിക്കൊടി താഴ്ത്തി. കോടിയേരിയുടെ സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് തലശേരിയില്‍. മൃതദേഹം എയര്‍ ആംബുലന്‍സില്‍ തലശേരിയിലെത്തിക്കും.

തലശേരി ടൗണ്‍ഹാളില്‍ ഇന്ന് (‍ഞായർ) ഉച്ചമുതല്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. തുടർന്ന് കോടിയേരി മാടപ്പീടിക വസതിയിലും പൊതുദർശനം. തിങ്കളാഴ്ച രാവിലെ 11 മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു ശേഷം വൈകിട്ട് 3ന് പയ്യാമ്പലത്ത് സംസ്കാരം.

കണ്ണൂർ തലായി എൽ.പി സ്കൂൾ അധ്യാപകൻ കോടിയേരി മൊട്ടുമ്മേൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബർ 16-ന് ബാലകൃഷ്ണൻ ജനിച്ചു. ആറുവയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. തുടർന്ന് അമ്മയുടെ സംരക്ഷണത്തിലാണ് വളർന്നത്.
വിദ്യാർഥിപ്രസ്ഥാനത്തിലൂടെയായിരുന്നു രാഷ്ട്രീയപ്രവേശം. നാടിന്റെ പേരു തന്നെ സ്വന്തം പേരിനു പകരം വയ്ക്കാവുന്ന തലത്തിലേക്ക് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന രാഷ്ട്രീയത്തിൽ വളർന്നത് കണ്ണൂർ തട്ടകത്തിൽനിന്നാണ്. സ്കൂൾ പഠനകാലത്തുതന്നെ രാഷ്ട്രീയപ്രവർത്തനത്തിൽ ബാലകൃഷ്ണൻ സജീവമായി.
കോടിയേരി ജൂനിയർ ബേസിക് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
കോടിയേരി ഓണിയൻ ഗവൺമെന്റ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരിക്കെ ഇന്നത്തെ എസ്എഫ്ഐയുടെ ആദ്യരൂപമായ കെഎസ്എഫിന്റെ യൂണിറ്റ് സ്കൂളിൽ ആരംഭിച്ച് അതിന്റെ സെക്രട്ടറിയായി. അവിടെ നിന്നാണ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ തുടക്കം.

രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് പത്താം ക്ലാസിനുശേഷം തുടർന്നു പഠിക്കാൻ അയയ്‌ക്കാതെ വീട്ടുകാർ ചെന്നൈയിലേക്കയച്ചു. അവിടെ ചിട്ടിക്കമ്പനിയിൽ രണ്ടു മാസം ജോലി ചെയ്‌തു. തിരിച്ചെത്തിയശേഷം മാഹി മഹാത്മാഗാന്ധി കോളജിൽ പ്രീഡിഗ്രിക്കു ചേർന്നു. 1970 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1970 ൽ ഈങ്ങയിൽപ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി. ഇക്കാലയളവിൽ മാഹി മഹാത്മാഗാന്ധി കോളജ് യൂണിയൻ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. 1970 ൽ തിരുവനന്തപുരത്ത് എസ്എഫ്ഐയുടെ രൂപീകരണ സമ്മേളനത്തിലും പങ്കെടുത്തു. 1973 ൽ കോടിയേരി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. അതേവർഷം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 1979 വരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി തുടർന്നു.

പതിനാറാം വയസ്സിൽ സി.പി.എം അംഗത്വം എടുത്ത കോടിയേരി പിൽക്കാലത്ത് പാർട്ടിയുടെയും സർക്കാരിന്റെയും നിർണായകപദവികളിൽ എത്തിച്ചേർന്നു. തലശ്ശേരിയിൽനിന്ന് 5 തവണ നിയമസഭയിലെത്തി. 2001-ൽ പ്രതിപക്ഷ ഉപനേതാവായ കോടിയേരി, 2006-ൽ വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ ആഭ്യന്തര-വിനോദസഞ്ചാര വകുപ്പുമന്ത്രിയായി.
പാർട്ടിയിൽ വിഭാഗീയത രൂക്ഷമായ കാലമായിരുന്നു അന്ന്. മുഖ്യമന്ത്രി വി.എസ്. അച്യുതാന്ദനും പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും തമ്മിൽ ഇടവേളകളില്ലാതെ കൊമ്പുകോർത്തിരുന്ന കാലം. അന്ന് മധ്യസ്ഥന്റെ റോൾ കൂടി കോടിയേരി ഭംഗിയായി നിർവഹിച്ചു.

2015-ലാണ് സി.പി.എം. സംസ്ഥാന സെക്രട്ടിറിപദത്തിലേക്ക് കോടിയേരി എത്തുന്നത്. പിണറായി വിജയൻ പാർലമെന്ററി രാഷ്ട്രീയത്തിലേക്കും കോടിയേരി പാർലമെന്ററി രാഷ്ട്രീയത്തിൽനിന്ന് പാർട്ടിഭാരവാഹിത്വത്തിലേക്കും മാറി. 2016-ൽ ഒന്നാം പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ 2018-ൽ കോടിയേരി വീണ്ടും സംസ്ഥാന സെക്രട്ടറിയായി. പാർട്ടിയിലും മുന്നണിയിലും രൂപംകൊണ്ട അസ്വാരസ്യങ്ങളെയും പ്രശ്നങ്ങളെയും ഏറ്റവും മികച്ചരീതിയിൽ കോടിയേരി കൈകാര്യം ചെയ്തു.

കോടിയേരിക്ക് ആദ്യം ആരോഗ്യപ്രശ്നങ്ങൾ ബാധിക്കുന്നത് 2019-ലാണ്. അതിനിടെ മക്കളായ ബിനോയിക്കും ബിനീഷിനും എതിരായ കേസും നൂലാമാലകളും കോടിയേരിയെ രാഷ്ട്രീയമായും വ്യക്തിപരമായും ബാധിച്ചു. തുടർന്ന് 2020 നവംബർ 13-ന് സി.പി.എം. സംസ്ഥാന സെക്രട്ടറിസ്ഥാനത്തുനിന്ന് അദ്ദേഹം അവധിയെടുത്തു. ചികിത്സയ്ക്കു ശേഷം വീണ്ടും കോടിയേരി സെക്രട്ടറിസ്ഥാനത്തേക്ക് തിരിച്ചെത്തിയെങ്കിലും സ്ഥിതിവീണ്ടും മോശമായതിന് പിന്നാലെ സ്ഥാനം ഒഴിയുകയായിരുന്നു.

സി.പി.എം. നേതാവും തലശ്ശേരി മുൻ എം.എൽ.എയുമായ എം.വി രാജഗോപാലിന്റെ മകൾ എസ്.ആർ. വിനോദിനിയാണ് കോടിയേരിയുടെ ഭാര്യ. ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി എന്നിവർ മക്കളും ഡോ. അഖില, റിനീറ്റ എന്നിവർ മരുമക്കളുമാണ്.

 

Back to top button
error: