റിയാദ്: ഗൾഫ് രാജ്യങ്ങളിൽ ജോലിക്കു വേണ്ടി തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് ആവശ്യമെങ്കിൽ അറബി ഭാഷ പരിശീലനവും നൽകുമെന്ന് കേരള സ്റ്റേറ്റ് അക്കാദമി ഫോർ സ്‌കിൽസ് (കേസ്) മാനേജിങ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ ഐ.എ.എസ് പറഞ്ഞു. സൗദി അറേബ്യയിലെ ഷെറാട്ടൺ റിയാദ് ഹോട്ടലിൽ സംഘടിപ്പിച്ച ‘കേസ്-ഒഡെപെക് എംപ്ലോയർ കണക്റ്റിവിറ്റി മീറ്റി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാതൊരുവിധ സർവിസ് ചാർജോ ഫീസോ വാങ്ങാതെ അർഹരായ ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകി വിദേശങ്ങളിൽനിന്നുള്ള ആരോഗ്യ, എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങി വിവിധ മേഖലകളിലെ കമ്പനികൾക്കും തൊഴിൽ ദാതാക്കൾക്കും നൽകുകയാണ് ലക്ഷ്യമെന്ന് ഓവർസീസ് ഡവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടന്റ് (ഒഡെപെക്) ചെയർമാൻ കെ.പി. അനിൽകുമാർ അധ്യക്ഷത പ്രസംഗത്തിൽ പറഞ്ഞു. റിയാദിലെ ഇന്ത്യൻ എംബസി വെൽഫെയർ കോൺസുലർ എം.ആർ. സജീവ് മുഖ്യപ്രഭാഷണം നടത്തി.
സൗദി അറേബ്യയിലെ തൊഴിൽവിപണിയുടെ നിലവാരത്തിന് അനുസരിച്ച് ഉദ്യോഗാർഥികളുടെ കഴിവുകൾ പഠിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിന് ഡൽഹി, മുംബൈ, കൊൽക്കത്ത, കൊച്ചി എന്നീ സ്ഥലങ്ങളിൽ കേന്ദ്രങ്ങൾ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സൗദി അറേബ്യയിലെ തൊഴിൽ ദാതാക്കൾ ഈ സർട്ടിഫിക്കറ്റ് അംഗീകരിക്കുന്നതിനും ഇന്ത്യയും സൗദിയും തമ്മിൽ ധാരണയായിട്ടുണ്ടെന്നും ‘എംപ്ലോയർ കണക്റ്റിവിറ്റി മീറ്റ്’ ഈ മഖലയിൽ വലിയൊരു മുന്നേറ്റത്തിന് വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ കേന്ദ്ര സർക്കാർ സംരംഭമായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) കേരള സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ ഒഡെപെക് മാനേജിങ് ഡയറക്ടർ റിക്രൂട്ട്മെന്റ് നടപടികളെ കുറിച്ചും ഒഡെപെക് പദ്ധതികളെ കുറിച്ചും വിശദീകരിച്ചു. ഇന്തോ മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്‌സ് വൈസ് ചെയർമാൻ അഹമ്മദ് കബീർ സ്വാഗതവും ഫിക്കി കേരള മേധാവി സാവിയോ മാത്യു നന്ദിയും പറഞ്ഞു. സൗദി അറേബ്യയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.