പത്തനംതിട്ട :അടൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ നവജാതശിശു മരിച്ചത് ഡോക്ടറുടെ അലംഭാവം കാരണമെന്ന പരാതിയുമായി ബന്ധുക്കള്‍.
കൊല്ലം ഐവര്‍കാല നടുവില്‍, വിനീതിന്റെയും രേഷ്മയുടെയും കുഞ്ഞാണ് മരിച്ചത്. അടിയന്തര ഓപ്പറേഷന് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല എന്നും ബന്ധുക്കള്‍ പറഞ്ഞു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് അടൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
ബുധനാഴ്ച വൈകിട്ടാണ് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം രേഷ്മയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വ്യാഴാഴ്ച പ്രസവിക്കാനുള്ള മരുന്ന് നല്കിയ ശേഷം ലേബര്റൂമില് പ്രവേശിപ്പിച്ചു. തുടര്‍ന്ന് അസഹനീയമായ വേദന അനുഭവപ്പെട്ടപ്പോള്‍ ഡോക്ടറെ വിവരമറിയിച്ചു.എന്നാല്‍ ഈ സമയം പരിശോധന നടത്താന്‍ ഡോക്ടര്‍ തയ്യാറായില്ല.
രാവിലെ 11ന് കുട്ടിക്ക് അനക്കമില്ല എന്ന് രേഷ്മ നേഴ്സുമാരെ അറിയിച്ചു. ഡോക്ടര്‍ സ്ഥലത്തെത്തി പരിശോധിച്ച ശേഷം പുറത്തേക്ക് പോയി. പിന്നീട് ഒരു മണിക്കൂര്‍ കഴിഞ്ഞ് തിരികെയെത്തി. പുറത്ത് കാത്തിരുന്ന ബന്ധുക്കളോട് കുട്ടി മരിച്ചുവെന്നും മൃതദേഹപരിശോധനയ്ക്കായി ഒരു പേപ്പര്‍ ഒപ്പിടാനും ഡോക്ടര്‍ ആവശ്യപ്പെട്ടതായി ബന്ധുക്കള്‍ പറയുന്നു. അപ്പോഴും കുട്ടിയെ രേഷ്മയുടെ വയടില്‍ നിന്നും പുറത്തെടുത്തിട്ടില്ല. പിന്നീടാണ് ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തത്.
നവജാതശിശു മരിക്കാന്‍ ഇടയായ സംഭവത്തില്‍ ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും പരാതി നല്‍കുമെന്ന് രേഷ്മയുടെ ബന്ധുക്കള്‍ പറഞ്ഞു.