Breaking NewsNEWS

പൂച്ചയുടെ കടിയേറ്റു കുത്തിവയ്‌പ്പെടുക്കാന്‍ എത്തിയ യുവതിക്ക് ആശുപത്രിയില്‍ നായുടെ കടിയേറ്റു

തിരുവനന്തപുരം: പൂച്ചയുടെ കടിയേറ്റു കുത്തിവയ്‌പ്പെടുക്കാന്‍ എത്തിയ യുവതിക്ക് സാമൂഹികരോഗ്യ കേന്ദ്രത്തിനുള്ളില്‍ തെരുവുനായയുടെ കടിയേറ്റു. വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഇന്നു രാവിലെ ഏഴരയോടെയാണ് സംഭവം. കൊട്ടുകാല്‍ സ്വദേശിനി അപര്‍ണ(31)യ്ക്കാണ് കടിയേറ്റത്.

വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയുടെ കടിയേറ്റതിനാല്‍ രണ്ടാമത്തെ കുത്തിവയ്‌പ്പെടുക്കാന്‍ എത്തിയതായിരുന്നു അപര്‍ണ. യുവതിയോട് അവിടെയുണ്ടായിരുന്ന ബെഞ്ചില്‍ ഇരിക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. ഈ സമയം ബെഞ്ചിനടിയില്‍ കിടക്കുകയായിരുന്ന നായ അപര്‍ണയുടെ കാലില്‍ കടിക്കുകയായിരുന്നു. കാലിന് ആഴത്തില്‍ മുറിവേറ്റു.

സ്ഥിരമായി ആശുപത്രിയുടെ ഉള്ളിലാണ് നായ കിടക്കുന്നതെന്നും ഇത് ആരെയും ഉപദ്രവിക്കാറില്ലെന്നും ആശുപത്രി ജീവനക്കാര്‍ പറയുന്നു. പ്രാഥമിക ശുശ്രൂഷകള്‍ക്കുശേഷം അപര്‍ണയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

അതിനിടെ, കടിയേറ്റ യുവതിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കാതെ ആശുപത്രി ജീവനക്കാര്‍ അകത്തുകയറി വാതിലടച്ചു എന്നും പരാതിയുണ്ട്. കാല്‍ വൃത്തിയാക്കാനുള്ള തുണിപോലും ആദ്യം ലഭിച്ചില്ലെന്നും സ്ഥലത്തുണ്ടായിരുന്ന സ്ത്രീകളിലൊരാളാണ് സോപ്പ് കൊണ്ട് മുറിവ് കഴുകി വൃത്തിയാക്കിയതെന്നും അപര്‍ണയുടെ പിതാവ് ആരോപിച്ചു. അനാസ്ഥസംബന്ധിച്ച് അധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

 

 

 

 

Back to top button
error: