NEWS

നവരാത്രി ആഘോഷത്തിന് അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത്, ആധാർ കാർഡ് പരിശോധിക്കണം: വി.എച്ച്.പി

മുംബൈ: നവരാത്രി ആഘോഷവേളയിൽ ഗർബ, ദണ്ഡിയ പരിപാടികളിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി). തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷം മാത്രമേ പ്രവേശനം അനുവദിക്കാവൂ എന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാരിനും നാഗ്പൂർ പൊലീസ് കമ്മീഷണർക്കും വി.എച്ച്.പി വിദർഭ യൂണിറ്റ് തിങ്കളാഴ്ച കത്തയച്ചു.
 പെൺകുട്ടികളും സ്ത്രീകളുമടക്കം പങ്കെടുക്കുന്ന നിരവധി ഗർബ, ദണ്ഡിയ പരിപാടികൾ വിദർഭയിൽ സംഘടിപ്പിക്കുന്നുണ്ടെന്ന് വി.എച്ച്.പി വിദർഭ മേഖലാ സെക്രട്ടറി ഗോവിന്ദ് ഷെൻഡേ പറഞ്ഞു. ഗർബയും ദണ്ഡിയയും ആരാധനാ രൂപങ്ങളാണെന്നും വിനോദമല്ലെന്നും അതിനാൽ മറ്റ് മതങ്ങളിൽ നിന്നുള്ളവർക്ക് ഈ വേദികളിൽ പ്രവേശനം അനുവദിക്കരുതെന്നും ഷെൻഡേ ആവശ്യപ്പെട്ടു.
പ്രവേശനത്തിന് മുമ്പ് ആളുകളുടെ ആധാർ കാർഡുകൾ പരിശോധിക്കുക, വേദികളിൽ സിസിടിവികൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഷെൻഡേ ഉന്നയിച്ചു.
ലവ് ജിഹാദ് കേസുകൾ വർധിക്കുന്നുണ്ടെന്നും ഗർബ, ദണ്ഡിയ പരിപാടികളിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഷെൻഡെ ആരോപിച്ചു. ഈ പരിപാടികളിൽ നിരവധി സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം ഉണ്ടാവാറുള്ളതായി പ്രസ്താവനയിൽ പറഞ്ഞു. ആഘോഷവേളകളിൽ ഉചിതമായ നടപടികൾ കൈക്കൊള്ളാൻ വി.എച്ച്‌.പി ഘടകങ്ങൾക്കും പരിപാടിയു​ടെ സംഘാടകർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ഷെൻഡെ പറഞ്ഞു.

Back to top button
error: