മുംബൈ: രാജ്യത്തെ തങ്ങളുടെ ഡെലിവറി പങ്കാളികൾക്ക് ഒരു ലക്ഷം രൂപയുടെ വീതം മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഒരുക്കി ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോ. ഈ പരിരക്ഷയിൽ ഡെലിവറി പങ്കാളികൾക്ക് അവരുടെ കുടുംബാംഗങ്ങളെ കൂടി ഉൾക്കൊള്ളിക്കാനാവും. 2022 സാമ്പത്തിക വർഷത്തിൽ 9210 ഡെലിവറി പങ്കാളികൾക്ക് 15.94 കോടിരൂപയുടെ ചികിത്സാ പരിരക്ഷ ഉറപ്പാക്കാനായിരുന്നുവെന്ന് കമ്പനി വ്യക്തമാക്കി. ഇതിൽ 9.8 കോടി രൂപയും അസുഖങ്ങൾ ബാധിച്ച് ചികിത്സതേടിയ സംഭവങ്ങളിലാണ് നൽകിയതെന്നും കമ്പനി പ്രതികരിച്ചു.
ഇതിനുപുറമേ ഡെലിവറി പങ്കാളികൾക്ക് 5000 രൂപയുടെ ഔട് പേഷ്യന്റ് പിന്തുണയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലും കുടുംബാംഗങ്ങളെ ഉൾക്കൊള്ളിക്കാം. 2022 സാമ്പത്തിക വർഷത്തിൽ 13645 പേർക്ക് ഈ സഹായം ഉപകാരപ്പെട്ടു എന്ന് കമ്പനിയുടെ കണക്കുകൾ പറയുന്നു. ഇതിൽ ഡെലിവറി പങ്കാളികളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടും. 2.3 കോടി രൂപയാണ് ക്ലെയിം ആയി ഇവർക്ക് നൽകിയത്.
ഡെലിവറി പങ്കാളികളാണ് തങ്ങളുടെ ബ്രാൻഡിന്റെ മുഖമെന്നും, അവരുടെ കാര്യത്തിൽ തങ്ങൾക്ക് ഉയർന്ന കരുതലുണ്ടെന്നും കമ്പനി പറയുന്നു. പരിക്കുകളെ തുടർന്ന് താൽക്കാലികമായി പൂർണവിശ്രമത്തിൽ കഴിയേണ്ടിവരുന്ന ഡെലിവറി പങ്കാളികൾക്ക് പ്രതിദിനം 525 രൂപ വീതം അമ്പതിനായിരം രൂപവരെ കമ്പനി സഹായം നൽകുന്നുണ്ട്. 10 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷയും ഡെലിവറി പങ്കാളികളുടെ പേരിലുണ്ട്.
അതേസമയം, ലോകത്തിലെ മികച്ച ഫുഡ് ഡെലിവറി ആപ്പുകളിൽ ആദ്യ പത്തിൽ ഇടം നേടിയിരിക്കുകയാണ് സൊമാറ്റോ. കാനഡ ആസ്ഥാനമായുള്ള ആഗോള ഗവേഷണ സ്ഥാപനമായ ഇടിസി ഗ്രൂപ്പ് ‘ഫുഡ് ബാരൺസ് 2022 – ക്രൈസിസ് പ്രൊഫിറ്ററിംഗ്, ഡിജിറ്റലൈസേഷൻ ആൻഡ് ഷിഫ്റ്റിംഗ് പവർ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് സൊമാറ്റോ പദം സ്ഥാനത്ത് എത്തിയിട്ടുള്ളത്.