ന്യൂഡല്‍ഹി: ഏക്‌നാഥ് ഷിന്‍ഡെ വിഭാഗമാണോ യഥാര്‍ഥ ശിവസേനയെന്ന് തീരുമാനിക്കുന്നതില്‍നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷനെ തടയണമെന്ന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഇക്കാര്യത്തില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, എം.ആര്‍.ഷാ, കൃഷ്ണ മുരാരി, ഹിമ കോഹ്ലി, പി.എസ്.നരസിംഹ എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്.
മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുണ്ടായിരുന്ന മഹാവികാസ് അഘാഡി സര്‍ക്കാര്‍ താഴെവീണതിനു പിന്നാലെയാണ് പാര്‍ട്ടി പിളര്‍ന്നത്. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേന വിമതര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ താഴെയിറക്കുകയായിരുന്നു. കൂടുതല്‍ എം.എല്‍.എമാര്‍ തനിക്കൊപ്പമാണെന്നും തങ്ങളാണ് യഥാര്‍ഥ ശിവസേനയെന്നും തെരഞ്ഞെടുപ്പ് ചിഹ്നത്തിന് അവകാശികളെന്നുമാണ് ഷിന്‍ഡെ വിഭാഗത്തിന്റെ വാദം.