കൊച്ചി: തൃശ്ശൂര്‍ ജില്ലയിലെ സഹകരണ ബാങ്ക് സെക്രട്ടറിക്കെതിരേ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച ബാങ്കിലെ തന്നെ ജീവനക്കാരി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരാതി ലഭിച്ചാല്‍ പോലീസ് സ്വീകരിക്കുന്ന നടപടികള്‍ അറിയിക്കാന്‍ നിര്‍ദേശിച്ചു.
ജീവനക്കാരി നല്‍കിയ പരാതിയില്‍ ലോക്കല്‍ കംപ്ലൈന്റ്‌സ് കമ്മിറ്റി നേരത്തേ നടപടി എടുത്തിരുന്നു. ഇത് ചോദ്യം ചെയ്ത് സെക്രട്ടറി നല്‍കിയ ഹര്‍ജിയില്‍ ഉപ ഹര്‍ജിയായിട്ടാണ് സംരക്ഷണം വേണമെന്ന ആവശ്യം പരാതിക്കാരി ഉന്നയിച്ചത്.
എന്നാല്‍, സെക്രട്ടറിയും ജീവനക്കാരിയും വ്യത്യസ്തയിടങ്ങളിലാണ് ജോലി ചെയ്യുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇത് കണക്കിലെടുത്താണ് പരാതി ലഭിച്ചാല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചത്.
സെക്രട്ടറിക്കെതിരേ ലോക്കല്‍ കംപ്ലൈന്റ്‌സ് കമ്മിറ്റി സ്വീകരിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷം ഭരിക്കുന്ന ബാങ്ക് ഭരണസമിതി നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.