വടകര പൊലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ മേലുദ്യോഗസ്ഥന്റെ മാനസിക പീഡന മൂലം ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. കൊയിലാണ്ടി സ്വദേശിയായ സി.പി.ഒ സജിയെ പരിക്കുകളോടെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെയാണ് സംഭവം നടന്നത്.
പരിക്ക് ഗുരുതരമല്ല. മേലുദ്യോഗസ്ഥരുടെ പീഡനം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സഹപ്രവർത്തകരുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശമിട്ടാണ് സജി ആത്മഹത്യക്ക് ശ്രമിച്ചത്.
‘സർവീസിൽ നിന്ന് വിരമിക്കുകയോ ആത്മഹത്യാ ചെയ്യുകയോ മാത്രമാണ് മുന്നിള്ള വഴി. സർവീസിൽ നിന്ന് വിരമിക്കാൻ അനുവദിക്കാത്തതിനാൽ ജീവനൊടുക്കകയാണ്. എന്നോട് സഹകരിച്ച എല്ലാവരോടും നന്ദി.’
ഈ ശബ്ദസന്ദേശം അയച്ച ശേഷമാണ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്.
ഹർത്താൽ ദിനത്തിൽ ഡ്യൂട്ടിക്ക് വൈകിയതിന് ഇയാൾക്ക് മെമ്മോ നൽകിയിരുന്നു. ഇതിന്‍റെ മാനസിക പ്രയാസത്തിലായിരുന്നു സജി. സ്റ്റേഷന് മുകളിലെ നിലയിൽ കയർ കുരുക്കി തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട സഹപ്രവര്‍ത്തകര്‍ സജിയെ ആശുപത്രിയിൽ എത്തിച്ചു.
സഹപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ഇദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനായത്. പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള സി.ഐയുടെ മാനസിക പീഡനമാണ് സംഭവത്തിന് കാരണമെന്ന് ഇന്നലെ തന്നെ പൊലീസ്കാരന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
മേൽ ഉദ്യോഗസ്ഥന്റെ മാനസിക പീഡന മൂലം വടകര സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ബിജെപി പ്രതിഷേധം. ഇതിനുമുമ്പും പല കേസുകളിൽ കുറ്റാരോപിതനായ ഉദ്യോഗസ്ഥൻ പൊതുജനങ്ങൾക്കും സഹപ്രവർത്തകർക്കും തലവേദനയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ജനകീയ പോലീസ് എന്ന നൂതന ആശയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഈ ഉദ്യോഗസ്ഥനെ നിലക്ക് നിർത്തണമെന്നാണ് പൊതുജന അഭിപ്രായം. ഇത്തരം ഏകാധിപത്യ പ്രവർത്തനത്തിനെതിരെ ബിജെപി മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.