ലഖ്നൗ: പരീക്ഷയില്‍ ഉത്തരം തെറ്റിച്ചതിന് അധ്യാപകന്‍ മര്‍ദിച്ച ദളിത് വിദ്യാര്‍ഥി ചികിത്സയ്ക്കിടെ മരിച്ചു. യു.പിയിലെ ഔരയ്യ ജില്ലയിലാണ് സംഭവം.
അധ്യാപകന്റെ മര്‍ദനമേറ്റതിനെ തുടര്‍ന്നു തിങ്കളാഴ്ചയാണു പതിനഞ്ചുവയസുകാരന്‍ മരിച്ചത്. കുട്ടിയുടെ മരണത്തിനു പിന്നാലെ അധ്യാപകനെ അറസ്റ്റ് ചെയ്യാനായി സ്‌കൂളില്‍ എത്തിയെങ്കിലും ഇയാള്‍ ഒളിവില്‍ പോയിരുന്നതായി പോലീസ് അറിയിച്ചു.
ഈ മാസം ഏഴിനാണ് കുട്ടിക്ക് മര്‍ദനമേറ്റത്. സാമൂഹികശാസ്ത്രം പരീക്ഷയില്‍ ഒരു ചോദ്യത്തിനു തെറ്റായ ഉത്തരം എഴുതിയതിനു വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അടിയേറ്റ് കുട്ടി ബോധരഹിതനായി. പിതാവിന്റെ പരാതിയെത്തുടര്‍ന്ന് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ഥിയുടെ ചികിത്സ ഏറ്റെടുക്കാമെന്നു അധ്യാപകന്‍ സമ്മതിച്ചിരുന്നെന്നും എന്നാല്‍ കുറച്ചു പണം മാത്രമാണു നല്‍കിയതെന്നും പിതാവ് ആരോപിച്ചു.
ചികിത്സയ്ക്കു ചെലവായ ബാക്കി പണം ആവശ്യപ്പെട്ടു സമീപിച്ചപ്പോള്‍ ജാതീയമായി അധ്യാപകന്‍ അധിക്ഷേപിച്ചെന്നും പിതാവ് പറഞ്ഞു. കുട്ടിക്കു വൃക്കസംബന്ധമായ അസുഖം നേരത്തേയുണ്ടായിരുന്നു. ലഖ്‌നൗവിലെ ആശുപത്രിയിലായിരുന്നു ചികിത്സിച്ചിരുന്നത്. മര്‍ദനത്തിനുശേഷം രണ്ടു തവണകളായി 40,000 രൂപ അധ്യാപകന്‍ നല്‍കിയതായും വിദ്യാര്‍ഥിയുടെ പിതാവ് പറയുന്നുണ്ട്.
കുട്ടിയുടെ മരണത്തോടെ ഔരയ്യയിലും സമീപപ്രദേശങ്ങളിലും പ്രതിഷേധമുയര്‍ന്നു. രണ്ടു പോലീസ് വാഹനങ്ങള്‍ തീയിട്ട പ്രതിഷേധക്കാര്‍ രണ്ടു സ്വകാര്യ വാഹനങ്ങളും നശിപ്പിച്ചു. സ്‌കൂളിനു മുന്നില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ച നാട്ടുകാര്‍ പോലീസിനെയും ആക്രമിച്ചു. ക്രമസമാധാനം സംരക്ഷിക്കാന്‍ കൂടുതല്‍ സേനയെ പ്രദേശത്തു വിന്യസിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വിദ്യാര്‍ഥിയുടെ മൃതദേഹം വീട്ടുകാര്‍ക്കു കൈമാറി.