LocalNEWS

ദേവികുളം സബ് കലക്ടറുടെ വീടിനു മുന്നിലെ രക്തക്കറ മനുഷ്യന്റേതോ?

മൂന്നാര്‍: ദേവികുളം സബ് കലക്ടറുടെ വീടിനു മുന്നില്‍ കണ്ടെത്തിയ രക്തക്കറ മനുഷ്യന്റേതെന്നു സംശയം. രക്തക്കറ കണ്ടെത്തിയ ദേശീയപാതയോരം മുതല്‍ സബ് കലക്ടറുടെ വസതി വരെയുള്ള സ്ഥലത്ത് വനം വകുപ്പ് അസി. വെറ്ററിനറി സര്‍ജന്‍ ഡോ. നിഷ റേച്ചലിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പരിശോധനയിലാണു മൃഗങ്ങളുടേതല്ലെന്നു കണ്ടെത്തിയത്.

രക്തം കണ്ടെത്തിയ സ്ഥലങ്ങളില്‍ കാല്‍പാടുകളോ രോമങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞില്ല. സബ് കലക്ടറെ വനംവകുപ്പ് വിവരം അറിയിച്ചതിനെത്തുടര്‍ന്നു ദേവികുളം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയ രക്തം മനുഷ്യന്റേതാണോ എന്ന് അറിയുന്നതിനായി തിരുവനന്തപുരം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയിലേക്ക് അയയ്ക്കും.

വെള്ളിയാഴ്ച ഉച്ചയ്ക്കാണു ദേവികുളത്തുള്ള സബ് കലക്ടറുടെ വസതിക്കു മുന്‍പില്‍ 50 മീറ്റര്‍ ഭാഗത്തു രക്തക്കറകള്‍ കണ്ടെത്തിയത്. ഒരാഴ്ചയായി ദേവികുളം മേഖലയില്‍ പുലിയുടെ സാന്നിധ്യമുള്ളതായി കണ്ടെത്തിയിരുന്നു. നായ്ക്കളെയോ മറ്റോ പുലി കൊന്നു കൊണ്ടുപോയപ്പോള്‍ രക്തം വീണതാകാമെന്നാണു പ്രാഥമികപരിശോധന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

 

 

 

 

Back to top button
error: