വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍ ദുബൈയില്‍ ഭാര്യ നയന്‍താരയ്ക്കും അമ്മയ്ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷിച്ച് സംവിധായകന്‍ വിഘ്‌നേശ് ശിവന്‍. ദുബൈ മറീനയുടെ മനോഹരമായ പശ്ചാത്തലത്തിലാണ് പിറന്നാള്‍ ആഘോഷിച്ചത്.
നയന്‍താരയ്‌ക്കൊപ്പമുള്ള പിറന്നാള്‍ ആഘോഷ ചിത്രങ്ങൾ വിഘ്‌നേശ് ശിവന്‍ തന്റെ സമൂഹമാധ്യമ പേജുകളില്‍ പങ്കുവച്ചു. ‘സ്വപ്ന ദിനങ്ങള്‍’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ഒപ്പം ഒരു കുറിപ്പും എഴുതി:
‘തങ്കമേ, ഇത് നിനക്കൊപ്പമുള്ള എന്റെ എട്ടാമത്തെ പിറന്നാളാണ്. എല്ലാതവണയും മുന്‍വര്‍ഷത്തെ പിറന്നാളിനേക്കാള്‍ സ്‌പെഷ്യല്‍ ആക്കാറുണ്ട് നീ. പക്ഷേ, ഇന്ന് വളരെ ഇമോഷനല്‍ ആണ്. നന്ദിയുണ്ട്. എന്നെ എന്താണ് കൂടുതല്‍ സന്തോഷിപ്പിക്കുകയെന്ന് നിനക്ക് അറിയാം. അതുതന്നെയാണ് നീ എനിക്ക് നല്‍കിയതും. സന്തോഷവും സമാധാനവും ഉണ്ടാവട്ടേ. നീ എന്നെ സ്‌നേഹിക്കുന്ന രീതി എനിക്ക് വളരെ ഇഷ്ടമാണ്’ നയന്‍താരയോടുള്ള അഗാധപ്രണയം ആവര്‍ത്തിച്ച് വിഘ്‌നേശ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ദുബൈ നഗരത്തിന്റെ എല്ലാ പ്രൗഢിയും വിളിച്ചോതുന്ന ചിത്രങ്ങളാണ് വിഘ്‌നേശ് പങ്കുവച്ചത്. നയന്‍താരയെ ചേര്‍ത്തുപിടിച്ച് ദുബൈയുടെ രാത്രി ഭംഗിയിലുള്ള ദൃശ്യങ്ങള്‍ക്കു താഴെ എണ്ണമറ്റ ആരാധകരാണ് ആശംകളുമായി എത്തിയത്.