IndiaNEWS

പോപ്പുലര്‍ ഫ്രണ്ടിൻ്റെ അൻപതിലധികം ഓഫിസുകളില്‍ ഒരേ സമയം എന്‍.ഐ.എ റെയ്ഡ്, 13 പേർ കസ്റ്റഡിയിൽ

   സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻ.ഐ.എ, ഇ.ഡി റെയ്ഡ്. അർദ്ധരാത്രി തുടങ്ങിയ റെയ്ഡ് നടക്കുന്നത് കേന്ദ്ര സേനയുടെ സുരക്ഷയില്‍.

ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്.

Signature-ad

അൻപതിലധികം സ്ഥലങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. ഡൽഹിയിലും തിരുവനന്തപുരത്തും രജിസ്റ്റർ ചെയ്ത കേസുകളെ തുടർന്നാണ് പരിശോധന.

ബുധനാഴ്ച അർധരാത്രിയോടെയാണ് എൻഐഎ ഉദ്യോഗസ്ഥർ റെയ്ഡിനായി എത്തിയത്. പുലർച്ചെ വരെ റെയ്ഡ് തുടർന്നു. പലസ്ഥലത്തും രാവിലെയും റെയ്ഡ് തുടരുകയാണ്. സിആർപിഎഫ് സുരക്ഷയോടെ ആയിരുന്നു റെയ്ഡ്. പലസ്ഥലത്തും പോപ്പുലർ ഫ്രണ്ടിന്റെ പ്രാദേശിക നേതാക്കളും പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ റെയ്ഡ് നടന്നു.

13 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റെയ്ഡിന് മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽതന്നെ സി.ആർ.പി.എഫ് സംഘം കൊച്ചിയിൽ എത്തിയിരുന്നു. സംസ്ഥാന പോലീസിനെപ്പോലും ഒഴിവാക്കി ആയിരുന്നു റെയ്ഡ്. വിവിധ സ്ഥലങ്ങളിൽനിന്ന് അറസ്റ്റിലായവരെ കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ എത്തിച്ചിട്ടുണ്ട്. 15 പേരെ ലക്ഷ്യമാക്കിയാണ് റെയ്ഡ് നടത്തിയതെന്നാണ് വിവരം. കൊച്ചിയിലെ എൻ.ഐ.എ ഓഫീസിനും സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം ജില്ലയിലെ മുണ്ടക്കയത്തും, ഈരാറ്റുപേട്ടയിലും ഇടുക്കിയിൽ പെരുവന്താനത്തും റെയ്ഡ് നടന്നു. ജില്ലാ നേതാക്കളടക്കം ആറ് പേരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ വീടുകളിൽനിന്ന് മൊബൈൽ ഫോണുകളും, ടാബും, ലാപ്ടേപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് പത്തനംതിട്ട ജില്ലാ സെക്രട്ടറി മുണ്ടുകോട്ടക്കൽ സാദിഖിന്റെ വസതിയിലും അടൂർ പറക്കോട് മേഖല ഓഫിസിലും എൻഐഎയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും നേതൃത്വത്തിൽ റെയ്ഡ് നടന്നു. പുലർച്ചെ 4.30 നാണ് റെയ്‌ഡ് ആരംഭിച്ചത്. റെയ്ഡിനെതിരെ പത്തനംതിട്ടയിൽ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുന്നു.

മുണ്ടക്കയത്ത് പുലർച്ചെ രണ്ട് മണിക്ക് വീട് റെയ്ഡ് ചെയ്ത് പോപ്പുലർ ഫ്രണ്ട് നേതാവ് വണ്ടൻപതാൽ സ്വദേശി നജുമുദ്ദീനെ എൻ.ഐ.എ പൊക്കി. കസ്റ്റടിയിലെടുത്തത് മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ.
നജുമുദ്ദീൻ പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനാണ്. ഇയാളുടെ ഫോൺ കോൾ വിവരങ്ങൾ മാസങ്ങളായി നിരീക്ഷിക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. തീവ്രവാദപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ നടത്തിയതിന് തെളിവുണ്ടെന്നും ഇതിന്റെ അ‌ടിസ്ഥാനത്തിലാണ് ഇയാളെ എൻ ഐ എ പിടികൂടിയതെന്നുമാണ് ലഭിക്കുന്ന വിവരം. പിടികൂടിയ നജുമുദ്ദീനെ എൻഐഎ സംഘം കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുപോയി.

ഇതിനെത്തുടർന്ന് എൻഐഎ ഗോ ബാക്ക് എന്ന മുദ്രാവാക്യവുമായി വണ്ടൻപതാലിലും മുണ്ടക്കയത്തും പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.
അതേസമയം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലും പ്രവർത്തകരുടെ പ്രതിഷേധവുമുണ്ടായി.

ഈരാറ്റുപേട്ടയിൽ നടന്ന റെയ്ഡിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളായ ഷിഹാസ് എം.എച്ച്, മുജീബ് മാങ്കുഴയ്ക്കൽ , എസ്ഡിപിഐ നേതാവും നഗരസഭാ കൗൺസിലറുമായ അൻസാരി എന്നിവരെ ചോദ്യം ചെയ്യലിനായി എൻ.ഐ.എ കസ്റ്റഡിയിലെടുത്തു.

മൊബൈൽ ഫോൺ അടക്കമുള്ള രേഖകൾ പിടിച്ചെടുത്തതായാണ് അറിവ്. അർധരാത്രിയോടെ കാരക്കാട് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലെത്തിയ ഉദ്യോഗസ്ഥരുടെ റെയഡ് പുലർച്ചെ 5 മണി വരെ നീണ്ടു. പ്രദേശത്ത് എത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എൻ.ഐ.എയ്ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. കേന്ദ്രസേനാംഗങ്ങൾ ഉൾപ്പടെ മുന്നൂറിലേറെ പൊലീസുകാരാണ് സ്ഥലത്തെത്തിയത്.

കണ്ണൂര്‍ താണയിലുള്ള ഓഫീസിലാണ് റെയ്ഡ് നടന്നത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളെ തൃശ്ശൂരില്‍നിന്നാണ് എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്.

കരുനാഗപ്പള്ളി പുതിയകാവിലെ പോപ്പുലർ ഫ്രണ്ട് ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിൻ്റെ വീട്ടിലും റെയ്ഡ്. പോപ്പുലർ ഫ്രണ്ടിൻ്റെ അധീനതയിലുള്ള കാരുണ്യ ട്രസ്റ്റിലും പരിശോധന.  പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുകയാണ്.  കോഴിക്കോട് മീഞ്ചന്തയിലെ ഓഫീസിലാണ് റെയ്ഡ്. കരുവൻപൊയിൽ മുൻ ചെയർമാൻ ഇ അബൂബക്കറിന്റെ വീട്ടിലും പരിശോധന തുടരുകയാണ്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വയനാട് മാനന്തവാടിയിലും റെയ്ഡ് നടത്തി. ബസ്സ്റ്റാൻഡ് പരിസരത്തെ കേന്ദ്രത്തിലാണ് റെയ്ഡ്.

പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങളുടെ വീട്ടിൽ എൻ ഐ എ റെയ്ഡ്, പുലർച്ചെ മൂന്നുമണിയോടെയാണ് എൻഐഎ സംഘം തൃശൂർ പെരുമ്പിലാവിലെ യഹിയ തങ്ങളുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ യഹിയ തങ്ങളെ എൻഐഎ സംഘം കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി. സംഭവ മറിഞ്ഞ് സ്ഥലത്തെത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് നേരെ പോലീസ് ചാർജ് നടത്തി.

സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ, ദേശിയ ജനറൽ സെക്രട്ടറി നസറുദ്ധീൻ എളമരം,ചെയർമാൻ ഒ.എം.എ സലാം, കരമന അശ്റഫ് മൗലവി,മുൻ ചെയർമാൻ ഇ അബൂബക്കർ, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ്അഹമ്മദ്, മുൻ നാഷണൽ കൗൺസിൽ അംഗം കരമന അശ്‌റഫ് മൗലവി എന്നിവരുടെ വീട്ടിലും റെയ്ഡ് നടന്നു.

റെയ്ഡിനെതിരെ പോപ്പുലർ ഫ്രണ്ടിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പ്രതികരണം വന്നിട്ടുണ്ട്. ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്നാണ് സംഘടനയുടെ ആരോപണം. എതിർ ശബ്ദങ്ങളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നിശബ്ദമാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീക്കത്തെ ചെറുക്കണമെന്നും അവർ പറയുന്നു.

Back to top button
error: