ദേവസ്വം ബോർഡിലും ബവ്റേജസ് കോർപറേഷനിലും ജോലി വാഗ്ദാനം ചെയ്ത് കോടികൾ കബളിപ്പിച്ച കേസില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. മാവേലിക്കര സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഗ്രേഡ് എസ്‌ഐമാരായ വര്‍ഗീസ്, ഗോപാലകൃഷ്ണന്‍, ഹക്കീം എന്നിവരെയാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ആരോപണവിധേയരായ 3 പേർക്കും ജോലിതട്ടിപ്പുകേസിലെ മുഖ്യപ്രതി ചെട്ടികുളങ്ങര കടവൂർ കല്ലിട്ടകടവിൽ വി.വിനീഷ് രാജുമായി (32) അടുത്ത ബന്ധമുണ്ടായിരുന്നെന്ന് ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. വിനിഷിന് സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനാണ് നടപടി.
ദേവസ്വം ബോര്‍ഡ്, ബിവറേജസ് കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്യുകയും അഞ്ച് കോടിയോളം രൂപ തട്ടിയെടുക്കുകയും ചെയ്തതാണ് കേസ്. പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഗ്രേഡ് എസ്‌ഐമാര്‍ കേസ് വിവരങ്ങള്‍ ഒന്നാം പ്രതിക്ക് ചോര്‍ത്തി നല്‍കിയത്. നിലവില്‍ അഞ്ച് പേരാണ് അസ്റ്റിലായിട്ടുള്ളത്.
ഒന്നാം പ്രതി വിനീഷിനെതിരെ 24 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നായി 50 ലധികം പേര്‍ തട്ടിപ്പിന് ഇരയായെന്നാണ് പ്രാഥമിക നിഗമനം. ക്ലാര്‍ക്ക്, അറ്റന്‍ഡര്‍, പ്യൂണ്‍ തസ്തികകളില്‍ നിയമനം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
എസ്ഐമാർ കേസിന്റെ വിവരങ്ങൾ ചോർത്തി നൽകുക വഴി ചില പ്രതികൾ രക്ഷപ്പെടാനും പ്രധാന തെളിവുകൾ നശിപ്പിക്കപ്പെടാനും ഇടയായതായി സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്കെതിരെ വിശദ അന്വേഷണം നടത്തി 3 മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ചേർത്തല ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഉദ്യോഗസ്ഥരുമായുള്ള അടുത്ത ബന്ധം, അവർക്കൊപ്പമുള്ള ചിത്രങ്ങൾ എന്നിവ പ്രതികൾ തട്ടിപ്പിന് ഉപയോഗിച്ചു. മൃഗസംരക്ഷണ വകുപ്പിലെയും ദേവസ്വം ബോർഡിലെയും ചില ഉദ്യോഗസ്ഥരുമായും
തട്ടിപ്പുസംഘത്തിന് അതിരു കടന്ന അടുപ്പമുണ്ടെന്ന് ആരോപണമുയർന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായെങ്കിലും മറ്റ് ആരോപണവിധേയർക്കെതിരെ ഇതുവരെ അന്വേഷണം പോലും ആരംഭിച്ചില്ല.