IndiaNEWS

ലീക്കായത് അറസ്റ്റിലായ വിദ്യാര്‍ഥിനിയുടെ ദൃശ്യങ്ങള്‍; സര്‍വകലാശാല അടച്ചിട്ടു

ന്യൂഡല്‍ഹി: ചണ്ഡീഗഡ് സര്‍വകലാശാല വനിതാ ഹോസ്റ്റലില്‍നിന്ന് കുളിമുറി ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന പരാതിയില്‍ മൂന്നുപേര്‍ അറസ്റ്റിലായി.

സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയെയും ഇവരുടെ കാമുകന്‍ അടക്കം മറ്റുരണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബ് പോലീസിന്റെ നിര്‍ദേശപ്രകാരം ഹിമാചല്‍ പ്രദേശ് പോലീസാണ് പെണ്‍കുട്ടിയുടെ കാമുകനെയും മറ്റൊരു യുവാവിനെയും പിടികൂടിയത്. ഇവരെ പഞ്ചാബ് പോലീസിന് കൈമാറിയതായി ഹിമാചല്‍ പോലീസ് അറിയിച്ചു.

Signature-ad

ഷിംലയില്‍ നിന്നും അറസ്റ്റിലായ കാമുകന്‍ സണ്ണി മെഹ്ത (23) ഹിമാചലിലെ രൊഹ്റു സ്വദേശിയാണ്. ഹോസ്റ്റല്‍ കുളിമുറിയില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ വിദ്യാര്‍ഥിനി ഇയാള്‍ക്ക് അയച്ചുനല്‍കിയെന്നാണ് ആരോപണം. ഹിമാചലിലെ ധല്ലിയില്‍നിന്നാണ് മൂന്നാംപ്രതിയായ രങ്കജ് വര്‍മ (31) യെ പോലീസ് പിടികൂടിയത്. ഇയാളുടെ ഫോണ്‍നമ്പര്‍ നേരത്തെ അറസ്റ്റിലായ വിദ്യാര്‍ഥിനിയുടെ കൈവശമുണ്ടായിരുന്നു. ഇയാളെ തനിക്ക് അറിയില്ലെന്നും ഹോസ്റ്റലില്‍ തന്നെ ചോദ്യംചെയ്യുന്ന സമയത്ത് ഇയാളുടെ നമ്പറില്‍നിന്ന് തന്റെ ഫോണിലേക്ക് ചില സ്‌ക്രീന്‍ഷോട്ടുകള്‍ വന്നതായുമാണ് പെണ്‍കുട്ടിയുടെ മൊഴി. നേരത്തെ തന്റെ ആണ്‍സുഹൃത്തിന് പങ്കുവെച്ച വീഡിയോയുടെ സ്‌ക്രീന്‍ഷോട്ടുകളാണ് ഇയാള്‍ അയച്ചിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. ഇതോടെയാണ് രങ്കജിന്റെ പേരും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയത്.

പെണ്‍കുട്ടി ഹോസ്റ്റലിലെ സഹപാഠികളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചുവെന്ന വാദത്തില്‍ കഴമ്പില്ലെന്നും സ്വന്തം വിഡിയോദൃശ്യം മാത്രമാണ് കാമുകനുമായി പങ്കുവച്ചതെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍, പോലീസിന്റെ വിശദീകരണത്തിന് പിന്നാലെ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധം ശക്തമാക്കി. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 24 വരെ സര്‍വകലാശാല അടച്ചിടും. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍വകലാശാല അധികൃതര്‍ ഉറപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ പ്രതിഷേധങ്ങള്‍ താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ വാര്‍ഡന്മാര്‍ക്കെതിരേ സര്‍വകലാശാല നടപടി സ്വീകരിച്ചിട്ടുണ്ട്. രണ്ട് ഹോസ്റ്റല്‍ വാര്‍ഡന്മാരെ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തു. ഇതിനുപുറമെ എല്ലാ ഹോസ്റ്റലുകളിലെയും വാര്‍ഡന്മാരെ സ്ഥലംമാറ്റുകയും ചെയ്തു. വിദ്യാര്‍ഥികളുടെ ആവശ്യപ്രകാരം ഹോസ്റ്റലുകളുടെ സമയക്രമത്തിലും മാറ്റംവരുത്തിയിട്ടുണ്ട്. മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി.

 

 

Back to top button
error: