CrimeNEWS

”താലി പൊട്ടിച്ചെറിഞ്ഞു, എനിക്ക് എന്തു സംഭവിച്ചാലും ഉത്തരവാദി കണ്ണന്‍” – അഭിഭാഷകയുടെ ഡയറിക്കുറിപ്പ് പുറത്ത്

കൊല്ലം: ചടയമംഗലത്ത് ഭര്‍തൃപീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ അഭിഭാഷക ഐശ്വര്യ ഉണ്ണിത്താ(26)ന്റെ ഡയറിക്കുറിപ്പുകള്‍ പുറത്ത്. ഭര്‍ത്താവായ അഡ്വ. കണ്ണന്‍ നായര്‍ മാനസികമായി ദ്രോഹിച്ചിരുന്നുവെന്ന് ഡയറിക്കുറിപ്പില്‍ ഐശ്വര്യ പറയുന്നു. കഴിഞ്ഞദിവസമാണ് ചടയമംഗലം പോലീസ് ഐശ്വര്യയുടെ ഡയറിക്കുറിപ്പ് കണ്ടെടുത്തത്.

തന്നെ ഭര്‍ത്താവ് കണ്ണന്‍ അത്രയ്ക്ക് ദ്രോഹിക്കുന്നുണ്ട്. മാനസികമായി അത്രത്തോളം ഉപദ്രവിക്കുന്നു. അയാള്‍ക്ക് അയാളെ മാത്രമാണ് ഇഷ്ടം. വേറെയാരെയും ഇഷ്ടമല്ല. ആരുടേയും മനസ് അയാള്‍ക്ക് മനസിലാകില്ല. മാനസികമായി ഉപദ്രവിച്ചെന്നും താലി പൊട്ടിച്ചെറിഞ്ഞുവെന്നും ഡയറിക്കുറിപ്പില്‍ പറയുന്നു.

പുച്ഛം തോന്നും ചില സമയത്തുള്ള പെരുമാറ്റം. അയാള്‍ക്ക് അയാളുടേതായ ധാരണയുണ്ട്. മറ്റാര്‍ക്കും ഈ ഗതി വരുത്തരുതെന്നും ഐശ്വര്യ കുറിപ്പില്‍ പറയുന്നു. തന്റെ മരണത്തിന് കാരണം ഭര്‍ത്താവാണെന്നും തനിക്ക് എന്തു സംഭവിച്ചാലും ഉത്തരവാദി ഭര്‍ത്താവ് കണ്ണനാണെന്നും ഡയറിക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

ഇട്ടിവ തുടയന്നൂര്‍ മംഗലത്ത് വീട്ടില്‍ ഷീല-അരവിന്ദാക്ഷന്‍ ദമ്പതികളുടെ മകളായ ഐശ്വര്യയെ ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയിലാണ്
കഴിഞ്ഞയാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൂന്നുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.

ഐശ്വര്യയുടെ മരണത്തില്‍ ഭര്‍ത്താവ് മേടയില്‍ ശ്രീമൂലം നിവാസില്‍ അഡ്വ. കണ്ണന്‍ നായരെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഭര്‍തൃപീഡനത്തെത്തുടര്‍ന്നുള്ള മാനസിക വിഷത്തിലാണ് ഐശ്വര്യ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു.

 

Back to top button
error: