ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി നിയമസഭയിലേക്കുള്ള മെഗാമാര്‍ച്ച് പാതിവഴിയിലവസാനിപ്പിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. തൊഴിലില്ലായ്മ, വിലക്കയറ്റം, സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍, ക്രമസമാധാന പ്രശ്നങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാണിച്ചാണ് റാലി. പാര്‍ട്ടി ഓഫീസില്‍ നിന്ന് നിയമസഭയിലേക്കായിരുന്നു മാര്‍ച്ച് ആസൂത്രണം ചെയ്തത്.
സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരേയുള്ള പ്ലക്കാര്‍ഡുകളുമേന്തിയാണ് മാര്‍ച്ച് പുരോഗമിച്ചിരുന്നത്. എന്നാല്‍, മാര്‍ച്ച് വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. മാര്‍ച്ച് സര്‍ക്കാര്‍ വിലക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് അഖിലേഷ യാദവ് വഴിയിലിരുന്ന് ധര്‍ണ നടത്തി. ശേഷം പാര്‍ട്ടി അംഗങ്ങള്‍ പാര്‍ട്ടി ഓഫീസിലേക്ക് തിരിച്ചുപോയി.
അതേസമയം, മാര്‍ച്ചിനെ വിമര്‍ശിച്ച് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ രംഗത്തുവന്നു. മാര്‍ച്ച് സാധാരണക്കാര്‍ക്ക് ഒരു തരത്തിലുള്ള നേട്ടവും നല്‍കില്ല. അവര്‍ക്ക് ഇത് ചര്‍ച്ചചെയ്യണമെങ്കില്‍ നിയമസഭയില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. ഞങ്ങളുടെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. ഇത്തരം പ്രതിഷേധങ്ങള്‍ ജനങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.