തിരുവനന്തപുരം: എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എല്‍.എമാരെന്ന് കെ.ടി ജലീല്‍. മാധ്യമങ്ങളും വലതുപക്ഷവും നിശ്ചയിക്കുന്ന അജന്‍ഡകള്‍ക്ക് ചൂട്ടു പിടിക്കുന്നവര്‍ ആത്യന്തികമായി ദുര്‍ബലമാക്കുന്നത് ഏതുചേരിയെയാണെന്ന് ഗൗരവപൂര്‍വ്വം ആലോചിച്ചാല്‍ നന്നാകുമെന്നും അദ്ദേഹം ഫേയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. സി.പി.ഐ. മലപ്പുറം ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ ജലീലിനും അന്‍വറിനും വിമര്‍ശനമുണ്ടായ സാഹചര്യത്തിലാണ് ജലീലിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്.
യഥാര്‍ത്ഥ മതനിരപേക്ഷ മനസ്സുകള്‍ ആന കുത്തിയാലും നില്‍ക്കുന്നേടത്ത് നിന്ന് ഒരിഞ്ചും അകലില്ല. അകലുന്നുണ്ടെങ്കില്‍ ‘അസുഖം’ വേറെയാണ്. അതിനുള്ള ചികില്‍സ വേറെത്തന്നെ നല്‍കണം, ജലീല്‍ ഫേയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
മുന്‍മന്ത്രി കെ.ടി. ജലീലിന്റെയും പി.വി. അന്‍വറിന്റെയും നിലപാടുകള്‍ ഇടതുമുന്നണിയുടെ ഐക്യത്തെ ദോഷകരമായി ബാധിക്കുന്നതായി സി.പി.ഐ ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. ജലീല്‍ അടുത്തകാലത്ത് ഉയര്‍ത്തിയ വിവാദപ്രസ്താവനകള്‍ ഇടതു മതനിരപേക്ഷ മനസുകളെ അകറ്റാന്‍ കാരണമായെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരോക്ഷ വിമര്‍ശനവുമായി ജലീലിന്റെ കുറിപ്പ്.