കൊച്ചി: വീട്ടില്‍ പൂട്ടിയിട്ട് ഭര്‍ത്താവ്, ഇസ്ലാമിലേക്കു മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചെന്ന ക്രിസ്ത്യന്‍ യുവതിയുടെ പരാതിയില്‍ പോലീസും ഇന്റലിജന്‍സ് ഏജന്‍സികളും അന്വേഷണം തുടങ്ങി. ഭര്‍ത്താവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം മൊഴി രേഖപ്പെടുത്താനെത്തിയ പോലീസിനോടാണ് യുവതി മതപരിവര്‍ത്തന ശ്രമങ്ങള്‍ വെളിപ്പെടുത്തിയത്.
സ്വന്തം വീട്ടിലേക്കു പോയ ഭാര്യ മടങ്ങിവന്നിട്ടില്ലെന്നും വീട്ടുകാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ആരോപിച്ചാണ് ആലപ്പുഴ സ്വദേശി ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെത്തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ ഹൈക്കോടതി പോലീസിനു നിര്‍ദേശം നല്‍കി. ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു രക്ഷപ്പെട്ടു വന്നതാണെന്നും ഇനി തിരിച്ചുപോവാന്‍ താത്പര്യമില്ലെന്നുമാണ് യുവതി പോലീസിനെ അറിയിച്ചത്. ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി ഭര്‍ത്താവിന്റെ ഹര്‍ജി തള്ളി.
യുവതിയുടെ മൊഴിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളതെന്നും ഇതു പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. ഭര്‍ത്താവ് നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നെന്നാണ് യുവതി വെളിപ്പെടുത്തിയത്. ആരോടും സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല. മതംമാറ്റാന്‍ നിരന്തര ശ്രമം നടത്തിയിരുന്നെന്നും യുവതി പറഞ്ഞു.
വിവാഹത്തിനു സമ്മതിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന, യുവാവിന്റെ ഭീഷണി മൂലമാണ് സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിനു സന്നദ്ധമായതെന്നും യുവതി പറഞ്ഞു. വിവാഹം കഴിഞ്ഞതോടെ മതംമാറ്റത്തിനു ഭീഷണിയായി. ഇതു സഹിക്കാതായപ്പോഴാണ് വീട്ടിലേക്കു മടങ്ങിയതെന്ന് യുവതി മൊഴിയില്‍ പറയുന്നു.