ബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ ഡോക്ടര്‍ അടിയന്തിര ശസ്ത്രക്രിയ വൈകാതിരിക്കാന്‍ ഓടിയത് മൂന്നു കിലോമീറ്റര്‍!
സര്‍ജാപുര റോഡ് മണിപ്പാല്‍ ആശുപത്രിയിലെ ഗാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. ഗോവിന്ദ് നന്ദകുമാറാണ് വഴിയില്‍ കാര്‍ ഉപേക്ഷിച്ച് ഓടിയത്. ആശുപത്രിയില്‍ കൃത്യസമയത്തെത്തി പിത്താശയ ശസ്ത്രക്രിയ വിജയകരമാക്കാനും ഡോക്ടര്‍ക്ക് കഴിഞ്ഞു. കഴിഞ്ഞയാഴ്ചയുണ്ടായ സംഭവം ഇപ്പോളാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍വഴി പുറത്തറിയുന്നത്.
ആശുപത്രിയിലെത്താന്‍ മൂന്നു കിലോമീറ്റര്‍ ബാക്കിയുള്ളപ്പോഴാണ് കാര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടത്. സാധാരണ നിലയില്‍ ഇവിടെനിന്ന് ആശുപത്രിയിലെത്താന്‍ പത്തുമിനിറ്റാണ് വേണ്ടത്. എന്നാല്‍, ഗൂഗിള്‍ മാപ്പ് നോക്കിയപ്പോള്‍ ഗതാഗതക്കുരുക്ക് കാരണം 45 മിനിറ്റ് വേണമെന്ന് കണ്ടു. തുടര്‍ന്ന് ഡ്രൈവറെ കാര്‍ ഏല്‍പ്പിച്ച് ഡോക്ടര്‍ ഇറങ്ങി ഓടി.
ദിവസവും വ്യായാമം ചെയ്യുന്നതിനാല്‍ മൂന്നു കിലോമീറ്റര്‍ ഓടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ഇതിന് മുമ്പും ബെംഗളൂരുവിലെ ഗതാഗതക്കുരുക്കില്‍ വാഹനം ഉപേക്ഷിച്ച് ഡോ. ഗോവിന്ദ് നടന്നിട്ടുണ്ട്. ബംഗളൂരുവിലെ ഗതാഗതക്കുരുക്കില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ആംബുലന്‍സുകള്‍ക്ക് സഞ്ചരിക്കാന്‍ പ്രത്യേക പാതയില്ലാത്തത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.