NEWSWorld

പല ലിങ്കുകളും അറിയാതെ പോലും ക്ലിക്ക് ചെയ്യരുത്, പണി ഉറപ്പ്

വിരൽത്തുമ്പിൽ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നു എന്നതാണ് പുതിയ കാലത്തിൻ്റെ പ്രത്യേകത. അതിന് ഗുണങ്ങൾക്കൊപ്പം ചില ദോഷങ്ങളുമുണ്ട്. അത്തരം ചതിയുടെയും തട്ടിപ്പുകളുടെയും കഥകൾ പതിവായി നാം കേൾക്കാറുമുണ്ട്.

ഇതാ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് കനത്ത മുന്നറിയിപ്പ്. ഇന്‍സ്റ്റഗ്രമും ടിക്ടോക്കും അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍, ഉപയോക്താക്കളുടെ ബ്രൗസിങ് ഡാറ്റ നിരീക്ഷിക്കുന്നുണ്ടത്രേ.

മുന്‍പൊക്കെ ഏതെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഒരു വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് വന്നാല്‍ അത് ഓപ്പണ്‍ ചെയ്യുന്നത് പുറമെയുള്ള ബ്രൗസറിലായിരിക്കും. ഇപ്പോള്‍ നേരെ തിരിച്ചാണ്. ഏതാണോ ആപ്പ് അതിനുള്ളില്‍ തന്നെ ലിങ്ക് ഓപ്പണ്‍ ചെയ്യാനാകും. ചുരുക്കി പറഞ്ഞാല്‍ പുറമെയുള്ള ബ്രൗസറിലേക്ക് ലിങ്ക് വിടുന്നില്ല. ഐ.ഒ.എസില്‍ ആപ്പിളിന്റെ സഫാരിയിലെ വെബ്കിറ്റ് (WebKit) ഉപയോഗിച്ചാണ് ഇന്‍സ്റ്റഗ്രാമും ടിക്ടോക്കും ലിങ്ക് തുറക്കുന്നത്.

ആപ്പുകളുടെ ഡവലപ്പര്‍മാര്‍ക്ക് വെബ്കിറ്റ് ക്രമീകരിക്കാനും അതില്‍ സ്വന്തം ജാവാസ്‌ക്രിപ്റ്റ് കോഡ് പ്രവര്‍ത്തിപ്പിക്കാനും സാധിക്കും എന്നുമാണ് കണ്ടെത്തല്‍. ഇത്തരം സുരക്ഷ വീഴ്ചകള്‍ ചൂണ്ടികാണിക്കുന്ന ഫെലിക്സ് ക്രൗസാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആപ്പില്‍ കാണുന്ന ലിങ്ക് തുറക്കുമ്പോള്‍ അതിലേക്ക് ഒരു ജാവാ സ്‌ക്രിപ്റ്റ് കോഡ് കൂടി ഇന്‍സര്‍ട്ട് ചെയ്യും. ആ കോഡിലൂടെ ആപ്പ് യൂസ് ചെയ്യുന്നവര്‍ കീബോര്‍ഡ് ഉപയോഗിച്ച് ടൈപ്പു ചെയ്യുന്ന കാര്യങ്ങള്‍ വരെ കണ്ടെത്താനാകും. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, പാസ് വേഡുകള്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും.

ഓരോ ടാപ്പും ക്ലിക്കും വരെ രേഖപ്പെടുത്താന്‍ ടിക്ടോകിന്റെ കോഡിന് സാധിക്കും. ഏതെങ്കിലും ബട്ടണിലോ, ലിങ്കിലോ ഒക്കെ ക്ലിക്കു ചെയ്താല്‍ അതും അറിയാനാകുമെന്ന് ക്രൗസ് പറയുന്നു. തേഡ് പാര്‍ട്ടി വെബ്സൈറ്റുകളിലെ കീലോഗറുകള്‍ക്ക് സമാനമാണ് ഇത്.

ടിക്ടോക്കിനും ഇന്‍സ്റ്റഗ്രാമിനും മാത്രമല്ല ഫേസ്ബുക്ക് മെസഞ്ചറില്‍ വരെ ഇത്തരം സംവിധാനങ്ങളുണ്ട്. പരമാവധി ആപ്പിനുള്ളില്‍ തന്നെയുള്ള ബ്രൗസര്‍ ഉപയോഗിക്കാതിരിക്കുക എന്നതാണ് സുരക്ഷിത മാര്‍ഗം, അതും ഒരു പരിധി വരെ മാത്രം.

Back to top button
error: