മൂന്നാംഓണ നാളിൽ ആടിതിമിർത്ത് തൃശൂരിന്റെ നാട്ടിടവഴികളിലൂടെ കുമ്മാട്ടികളെത്തി. കുമ്മാട്ടിക്കളിയുടെ ചരിത്രത്തില്‍ ആദ്യമായി മൂന്ന് പെൺ കുമ്മാട്ടികള്‍ ഇറങ്ങി എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ശൈവ ദൂതഗണങ്ങളാണ് കുമ്മാട്ടികളെന്ന വിശ്വാസത്തെ പിൻപറ്റിയുള്ള ആഘോഷമാണ് കുമ്മാട്ടിക്കളി.
ഓണാനാളുകളിൽ വീടുകൾ തോറും എത്തുന്ന കുമ്മാട്ടികൾ ഗ്രാമീണ കേരളത്തിന്റെ നേർ ചിത്രമാണ്.
സ്ത്രീകൾ കേവലം കുമ്മാട്ടിക്കളിയുടെ ആസ്വാദകർ മാത്രമായിരുന്നു ഇതുവരെ. എന്നാൽ ഇത്തവണ പർപ്പടകപ്പുല്ലും മരത്തിൽ കൊത്തിയെടുത്ത മുഖങ്ങളുമായി പെൺകുമ്മാട്ടികള്‍ കിഴക്കുംപാട്ടുകരയില്‍ ഇറങ്ങിയത് ചരിത്രമായി. തൃശൂർ സ്വദേശികളായ സുനിത, സനിത, സബിത എന്നിവരാണ് കുമ്മാട്ടികളായത്.
താളമേളങ്ങൾ അകമ്പടിയോടെ
എഴുപതിലേറെ കുമ്മാട്ടികൾ കിഴക്കുംപാട്ടുകരയുടെ ഇടവഴികളില്‍ നിറഞ്ഞാടി. ഒപ്പം ദൈവിക രൂപങ്ങളും നിശ്ചല ദൃശ്യങ്ങളും.
നഗരത്തെ ആവേശത്തിൽ ആറാടിക്കാൻ തൃശൂർ സ്വരാജ് റൗണ്ടിൽ ഇന്ന് പുലികൾ ഇറങ്ങും. പുലി കളിക്കുള്ള ഒരുക്കങ്ങൾ രാവിലെ അഞ്ചു മണിക്ക് തന്നെ തുടങ്ങി. മെയ്യെഴുത്ത് ആരംഭിച്ചു. വിയ്യൂർ ദേശമാണ് ആദ്യം മെയ്യെഴുത്ത് തുടങ്ങിയത്. കാനാട്ടുകര, അയ്യന്തോള്‍, പൂങ്കുന്നം, ശക്തന് എന്നിവിടങ്ങളിലും പുലിമെയ്യെഴുത്ത് 6 മണിയോടെ തുടങ്ങി. അഞ്ചു സംഘങ്ങളിലായി 250 പുലി കലാകാരന്മാരാണ് ഇത്തവണ സ്വരാജ് റൗണ്ട് കീഴടക്കാൻ ഇറങ്ങുക. ഒരു സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളുണ്ടാവും. നടുവിലാല്‍ ഗണപതിക്ക് തേങ്ങയുടച്ചാണ് പുലിക്കളി തുടങ്ങുക.
കഴിഞ്ഞ രണ്ടു തവണയും കൊവിഡിൽ മുങ്ങിയ പുലിക്കളി ഇക്കുറി വിപുലമായി നടത്താൻ സംഘാടകർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായ ഘട്ടത്തിലാണ് എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നുള്ള ഔദ്യോഗിക ദു:ഖാചരണ പശ്ചാത്തലത്തിൽ ഞായറാഴ്ച പുലിക്കളി മാറ്റി വയ്ക്കേണ്ടി വരുമോ എന്ന് ആശങ്ക ഉയർന്നത്. ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഔദ്യോഗിക പരിപാടികൾ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. പക്ഷേ പുലിക്കളി മാറ്റി വയ്ക്കേണ്ട എന്ന് ഒടുവിൽ തീരുമാനിക്കുകയായിരുന്നു.
പുലിക്കളിയുടെ സുരക്ഷക്കായി സിറ്റി പോലീസ് കമ്മീഷണറുടെ കീഴിൽ 500 ലധികം പോലീസുദ്യോഗസ്ഥരെ വിന്യസിച്ചു.
ഓരോ പുലിക്കളി സംഘവും ആരംഭിക്കുന്ന സ്ഥലത്തുനിന്നും പുലിക്കളി അവസാനിക്കുന്നതുവരെ ഒരു സബ് ഇൻസ്പെക്ടറും 10 പോലീസുദ്യോഗസ്ഥരും അനുഗമിക്കും.
പുലിക്കളി നടക്കുന്ന സ്വരാജ് റൌണ്ടും പരിസരവും, സ്വരാജ് റൌണ്ടിലേക്ക് പ്രവേശിക്കുന്ന റോഡുകളും മൂന്ന് സോണുകളായി തിരിച്ചു. ഓരോ സോണിന്റേയും ഉത്തരവാദിത്വം ഓരോ അസിസ്റ്റന്റ് കമ്മീഷണർമാർക്ക് നൽകി.
സ്വദേശികളും വിദേശികളുമായ കാണികൾക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തും. ഇതിനായി പ്രത്യേക പോലീസ് സംഘം. ഏതെങ്കിലും തരത്തിലുള്ള അത്യാഹിതങ്ങൾ ഉണ്ടായാൽ നേരിടുന്നതിനുവേണ്ടി നഗരത്തിലെ മൂന്ന് സ്ഥലങ്ങളിൽ സ്ട്രൈക്കിങ്ങ് ഫോഴ്സിനെ നിയമിച്ചു.
നഗരത്തിലെ മുഴുവൻ സ്ഥലത്തും കവറേജ് ലഭ്യമായ പോലീസ് ടെലികമ്യൂണിക്കേഷൻ നെറ്റ് വർക്ക് വഴി പോലീസുദ്യോഗസ്ഥരിലേക്ക് ആശയവിനിമയം വേഗത്തിലാക്കും.
ഗുണ്ടകളേയും, ശല്യക്കാരേയും നിരീക്ഷിക്കുന്നതിനും, മദ്യം മയക്കുമരുന്ന് ഉപയോഗം തടയുന്നതിനും ഷാഡോ പോലീസിന്റേയും, അടുത്തിടെ രൂപീകരിച്ച SAGOK ടീമിന്റേയും സേവനം.
ട്രാഫിക് ക്രമീകരണങ്ങൾക്കായി പ്രത്യേകം പ്ലാൻ. ഉച്ച മുതൽ പുലിക്കളി അവസാനിക്കുന്നതുവരെ സ്വരാജ് റൌണ്ടിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ശക്തൻ നഗർ, വടക്കേച്ചിറ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് ഔട്ടർ റിങ്ങിലൂടെ വാഹനങ്ങൾക്ക് ഗതാഗത ക്രമീകരണമുണ്ടാകും. ഇതിനായി ഒല്ലൂർ അസി. കമ്മീഷണർ കെ.സി. സേതുവിന്റെ നേതൃത്വത്തിൽ 4 സെക്ടറുകളാക്കി തിരിച്ച് 200 ലധികം പോലീസുദ്യോഗസ്ഥരെ വിന്യസിക്കും.
സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പൊതുജനശല്യമുണ്ടാക്കുന്നവരെ നിരീക്ഷിക്കാൻ മഫ്ടിയിൽ പുരുഷ-വനിതാ പോലീസുദ്യോഗസ്ഥരെ വിന്യസിക്കും.
പുലിക്കളി സംഘങ്ങൾക്കിടയിൽ കുറ്റവാളികൾ നുഴഞ്ഞുകയറി പ്രശ്നങ്ങളുണ്ടാക്കാതിരിക്കാൻ വീഡിയോ റിക്കാർഡിങ്ങ് സംവിധാനം. നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ ക്യാമറകളിലും റിക്കാർഡിങ്ങ് സംവിധാനം, ദൃശ്യങ്ങൾ ഏകോപിപ്പിച്ച് കൺട്രോൾ റൂമിൽ ലഭ്യമാക്കും.