കണ്ണൂര്‍: മുണ്ടയാട് ജേണലിസ്റ്റ് കോളനിയില്‍ നായയുടെ ആക്രമണം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ബി.ജെ.പിയുടെ ദേശീയ കൗണ്‍സില്‍ അംഗവുമായ എ. ദാമോദരനാണ് നായയുടെ കടിയേറ്റത്. കാലില്‍ കടിയേറ്റ അദ്ദേഹം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
കഴിഞ്ഞദിവസം പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയും തെരുവ് നായ ആക്രമണം ഉണ്ടായിരുന്നു. ഏഴാംമൈല്‍ പ്ലാത്തോട്ടം റോഡിലെ ഷബാസ് മന്‍സൂറും സയാന്‍ സലീമും തിരുവോണദിവസം രാവിലെ മുടിവെട്ടാന്‍ പുറത്തുപോയതായിരുന്നു. തിരികെ വീട്ടിലേക്ക് മടങ്ങുംവഴിയാണ് വീടിനടുത്തുവെച്ച് നായ്ക്കള്‍ ഓടിച്ചത്.
ഇരുവരും വീട്ടുമുറ്റത്തേക്കോടി ഗേറ്റടച്ചതിനാലാണ് രക്ഷപ്പെട്ടത്. ഇരുവരെയും ആറ് തെരുവുനായ്ക്കള്‍ ഓടിക്കുന്നതും വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുന്നതുമായ സി.സി. ടിവി ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മത്സ്യം വാങ്ങി വീട്ടിലേക്ക് പോകുന്ന സ്ത്രീയുടെ കൈയില്‍നിന്ന് തെരുവുനായ മത്സ്യം കടിച്ചെടുത്തത് അടുത്ത ദിവസമായരുന്നു.