മണര്‍കാട്: മണര്‍കാട് വിശ്വാസ വീഥികളെല്ലാം മണര്‍കാട് മാതാവിന്റെ സന്നിധിയിലേക്ക്. വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ ശുശ്രൂഷ ഇന്ന് നടക്കും. എട്ടുനോമ്പാചരണത്തിന്റെ പുണ്യമുഹൂര്‍ത്തമായിട്ടാണ് വിശ്വാസികള്‍ ഇതിനെ കാണുന്നത്. രാവിലെ 8.30ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന. മാത്യൂസ് മോര്‍ അപ്രേം സഹകാര്‍മ്മികത്വം വഹിക്കും. 11.30നു മധ്യാഹ്ന പ്രാര്‍ഥന വേളയിലാണ് നടതുറക്കല്‍ ശുശ്രൂഷ. കത്തീഡ്രലിന്റെ പ്രധാന ത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവന്റെയും ഛായാചിത്രം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ദര്‍ശനത്തിനായി തുറക്കുന്ന ചടങ്ങാണ് നടതുറക്കല്‍ ശുശ്രൂഷ.
കറിനേര്‍ച്ച തയാറാക്കുന്നതിനുള്ള പന്തിരുനാഴി ഘോഷ യാത്ര 12നു നടത്തും. വൈകിട്ടു 4നു പാച്ചോര്‍ തയാറാക്കുന്നതിന് അടുപ്പു കത്തിക്കും. നോമ്പ് സമാപനത്തിലെ പ്രധാന നേര്‍ച്ചയായ പാച്ചോറിനായി 1200 പറ അരിയാണ് ഇത്തവണ ഉപയോഗിക്കുന്നത്. അരി, മറയൂര്‍ ശര്‍ക്കര, തേങ്ങ, ചുക്ക്, ജീരകം, ഏലക്ക എന്നിവ ഉപയോഗിച്ചാണ് പാച്ചോര്‍ തയാറാക്കല്‍. രസീത് എടുത്തവര്‍ക്ക് ഇന്ന് അര്‍ധരാത്രി 12 മുതല്‍ പ്രത്യേക പാത്രങ്ങളില്‍ പാച്ചോര്‍ വിതരണം ആരംഭിക്കും. 15,000 മണ്‍കലങ്ങളും, 25000 മണ്‍ചട്ടികളും പാച്ചോര്‍ തയാറാക്കി വയ്ക്കുന്നതിനു കരുതിയിട്ടുണ്ട്. നാളെ വൈകിട്ടു 3നു നടക്കുന്ന പ്രദക്ഷിണവും നേര്‍ച്ച വിളമ്പോടെയും പെരുന്നാള്‍ സമാപിക്കും.
8ന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം, തുടര്‍ന്ന് വെടിക്കെട്ട്. പാരമ്പര്യതനിമ ചോരാതെ മാര്‍ഗംകളിയും പരിചമുട്ടുകളിയും ഇന്നു രാത്രി 9.30 മുതല്‍ കത്തീഡ്രല്‍ അങ്കണത്തില്‍ അരങ്ങേറും. നോമ്പിന്റെ ആറാം ദിനമായിരു ഇന്നലെ അഞ്ചിന്മേല്‍ കുര്‍ബാനയ്ക്കു മൈലാപ്പൂര്‍ ഭദ്രാസനാധിപന്‍ ഐസക് മോര്‍ ഒസ്താത്തിയോസ് പ്രധാനകാര്‍മികത്വം വഹിച്ചു.
കത്തീഡ്രലില്‍ ഇന്ന്
കരോട്ടെ പള്ളിയില്‍ രാവിലെ 6ന് കുര്‍ബാന. കത്തീഡ്രലില്‍ 7.30ന് പ്രഭാത നമസ്‌കാരം, 8.30ന് മൂന്നിന്മേല്‍ കുര്‍ബാന – യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍. അങ്കമാലി ഭദ്രാസനം-പെരുമ്പാവൂര്‍ മേഖലാധിപന്‍ മാത്യൂസ് മോര്‍ അപ്രേം സഹകാര്‍മ്മികത്വം വഹിക്കും. 11.30ന് ഉച്ച നമസ്‌കാരം, നടതുറക്കല്‍. 12ന് കറിനേര്‍ച്ചക്കുള്ള ഒരുക്കം, പന്തിരുനാഴിഘോഷ യാത്ര. 5ന് സന്ധ്യാ നമസ്‌ക്കാരം. 8ന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം, വെടിക്കെട്ട്, മാര്‍ഗംകളി, പരിചമുട്ടുകളി, നേര്‍ച്ച വിളമ്പ്.