മുംബൈ: സ്വകാര്യവത്കരിച്ച മുൻ കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയിലേക്ക് പുതിയ മൂലധനം നിക്ഷേപിക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസ് ലിമിറ്റഡ് ആണ് എയർ ഇന്ത്യയിലേക്ക് പുതിയ മൂലധനം നിക്ഷേപിക്കുന്നതിനായി 4 ബില്യൺ ഡോളർ സമാഹരിക്കാൻ ഒരുങ്ങുന്നത്.
എയർ ഇന്ത്യയുടെ നിലവിലുള്ള കടത്തിന്റെ ഒരു ഭാഗം റീഫിനാൻസ് ചെയ്യുന്നതിനും എയർ ഇന്ത്യയുടെ പുനരുദ്ധാരണത്തിനും 4 ബില്യൺ ഡോളർ ആവശ്യമായി വരും. ചില വിദേശ വായ്പക്കാരുമായും ചില സ്വകാര്യ ഇക്വിറ്റി ഫണ്ടുകളുമായും അനൗപചാരിക ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പൂർണമായ വിവരങ്ങൾ ടാറ്റ ഗ്രൂപ്പ് പുറത്ത് വിട്ടിട്ടില്ല. ടാറ്റ ഗ്രൂപ്പ് ഉടൻ തന്നെ നിക്ഷേപ ഉപദേശകരെ നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും എന്നാണ് റിപ്പോർട്ട്.
ടാറ്റയുടെ നിലവിലുള്ള ബാങ്കിംഗ് ബന്ധങ്ങൾ മികച്ചതായതിനാൽ ധനസമാഹരണം എളുപ്പമാകും. എന്നാൽ ഇതുവരെ ഇതിനെ കുറിച്ച് ടാറ്റ ഗ്രൂപ് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കുറഞ്ഞ നിരക്കിലുള്ള എയർഏഷ്യ ഇന്ത്യയുടെ ഇക്വിറ്റി ഷെയർ ക്യാപിറ്റൽ പൂർണമായും ഏറ്റെടുക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ നിർദ്ദേശം ഈ വർഷം ജൂണിൽ സിസിഐ അംഗീകരിച്ചിരുന്നു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ടാറ്റ സൺസ് ഏറ്റെടുക്കൽ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ എയർ ഇന്ത്യയുടെ ആഭ്യന്തര വിപണി വിഹിതം 2020 ജനുവരിയിൽ 11.6 ശതമാനത്തിൽ നിന്ന് 2021 ജനുവരിയിൽ 10.2 ശതമാനമായി കുറഞ്ഞിരുന്നു. ജൂലൈയിൽ എയർ ഇന്ത്യയുടെ വിപണി വിഹിതം 8.4 ശതമാനമായി വീണ്ടും കുറഞ്ഞു. അതേസമയം ടാറ്റ ഗ്രൂപ്പിന്റെ മറ്റ് രണ്ട് എയർലൈനുകളായ വിസ്താരയുടെയും എയർഏഷ്യ ഇന്ത്യയുടെയും വിപണി വിഹിതം യഥാക്രമം 10.4 ശതമാനവും 4.6 ശതമാനവുമാണ്.