ലോകത്തിന്‍റെ എല്ലാ കോണിലുമുള്ള മലയാളികളും ഒരുപോലെ ആഘോഷിക്കുന്ന ഒന്നാണ് ഓണം. ഓണം എന്ന് പറയുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സില്‍ ആദ്യം വരുന്നത് തൂശനിലയില്‍ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യയുടെ ചിത്രമായിരിക്കും.
ഓലന്‍, രസം, ഇഞ്ചിക്കറി, പച്ചടി, സാമ്പാര്‍, അവിയല്‍, പരിപ്പുകറി, എരിശേരി, കാളന്‍, കിച്ചടി, തോരന്‍, പായസം തുടങ്ങി 12ലധിതം വിഭവങ്ങള്‍ ചേരുന്നതാണ് ഓണസദ്യ. രുചി മാത്രമല്ല, പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് ഓണസദ്യ.
അറിയാം ഓണസദ്യയുടെ ആരോഗ്യ ഗുണങ്ങള്‍…
- പച്ചക്കറികളുടെ സാന്നിധ്യം കൊണ്ട് നിറഞ്ഞതാണ് ഓണസദ്യ. ആരോഗ്യത്തിന് അടിസ്ഥാനമായി വേണ്ട പല ഘടകങ്ങളും അടങ്ങിയിരിക്കുന്ന ഭക്ഷ്യവര്‍ഗമാണ് പച്ചക്കറികള്‍. വിറ്റാമിനുകളുടെയും മിനറലുകളുടെയും ഒരു കലവറയാണിത്. സദ്യയില്‍ വിളമ്പുന്ന അവിയല്‍, സാമ്പാര്‍, തോരന്‍, കിച്ചടി തുടങ്ങിയവയൊക്കെ പച്ചക്കറികള്‍ കൊണ്ട് തയ്യാറാക്കുന്നവ ആയതിനാല്‍ തന്നെ സദ്യ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
- ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അവിയല്‍, സാമ്പാര്‍ എന്നിവയിലൊക്കെ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകാക്കുറവ് നികത്തുന്നതിനും സഹായിക്കുന്നു. നാരുകള്‍ ധാരാളമുള്ളതിനാല്‍ മലബന്ധം അകറ്റാനും സഹായിക്കും.
- ഓണസദ്യയില്‍ നിന്നും ആവശ്യത്തിന് പ്രോട്ടീനും ലഭിക്കും. മോര്, രസം, പുളിശ്ശേരി എന്നിവയിലൊക്കെ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ ധാരാളം ഉള്ളതിനാല്‍ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇവ സഹായിക്കും. മോരില്‍ ശരീരത്തിന് ഗുണകരമായ ബാക്ടീരിയകളുണ്ട്. അവ ദഹനപ്രശ്നങ്ങള്‍ അകറ്റാനും സഹായിക്കും.
- നെയ്യില്‍ ബ്യൂട്ടിറിക് ആസിഡ് ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റമിന്‍ ‘എ’, ആരോഗ്യകരമായ കൊഴുപ്പുകളും നെയ്യിലുണ്ട്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
- സദ്യയില്‍ നിന്ന് ആവശ്യത്തിന് വിറ്റാമിന്‍ സിയും ലഭിക്കും. നാരങ്ങ, മാങ്ങ എന്നിവ കൊണ്ട് തയ്യാറാക്കിയ അച്ചാര്‍ വിറ്റാമിന്‍ സിയുടെ നല്ലൊരു സ്ത്രോതസ്സാണ്. നമ്മുടെ ശരീരത്തിലെ മെറ്റബോളിസത്തിനെ നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കുന്നതിനും ഇവ സഹായിക്കും.
- ഇഞ്ചിക്കറി ഇല്ലാത്ത സദ്യയെ കുറിച്ച് ആലോചിക്കാന്‍ കഴിയുമോ? ദഹന പ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് ഇഞ്ചിക്കറി. ഇഞ്ചിയിലുള്ള ബയോആക്ടീവ് സംയുക്തമായ ജിഞ്ചറോള്‍ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.
- ശര്‍ക്കര കൊണ്ടാണോ ഇത്തവണ പായസം തയ്യാറാക്കാന്‍ പോകുന്നത്? എങ്കില്‍, പായസത്തില്‍ നിന്നും ചില പോഷകങ്ങള്‍ ലഭിക്കും. ശര്‍ക്കര കൊണ്ട് തയ്യാറാക്കുന്ന പായസത്തില്‍ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ധൈര്യമായി പായസവും കുടിക്കാം.