ജയ്പൂര്‍: രാജസ്ഥാനിലെ ഭില്‍വാരയില്‍ കന്യകാത്വ പരിശോധനയില്‍ പരാജയപ്പെട്ട നവവധുവിനെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ചതായി പരാതി. വിഷയം ചര്‍ച്ചചെയ്യാനായി ചേര്‍ന്ന നാട്ടുക്കൂട്ടം (ഖാപ് പഞ്ചായത്ത്) യുവതിയുടെ കുടുംബം 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു വിധിച്ചെന്നും പരാതിയില്‍ പറയുന്നു.
മേയ് ഒന്നിനു വിവാഹം നടന്ന ദിവസം തന്നെ ഭര്‍തൃവീട്ടുകാര്‍ കന്യകാത്വപരിശോധനയ്ക്കു നിര്‍ബന്ധിച്ചെന്നും അതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചു മര്‍ദിച്ചെന്നും 24 വയസുകാരിയുടെ പരാതിയില്‍ പറയുന്നു. വിവാഹത്തിനു മുമ്പ് അയല്‍വാസി തന്നെ മാനഭംഗപ്പെടുത്തിയിരുന്നെന്നും ഇതു സംബന്ധിച്ചു സുഭാഷ് നഗര്‍ പോലീസ് സ്റ്റേഷനില്‍ കേസുണ്ടെന്നും ഭര്‍തൃവീട്ടുകാരെ അറിയിച്ചിരുന്നതായി യുവതി പോലീസിനോടു പറഞ്ഞു.
”ഉച്ചയ്ക്ക് നടത്തിയ പരിശോധനകളില്‍ ഞാന്‍ പരാജയപ്പെട്ടു. തുടര്‍ന്ന്, രാത്രി വൈകുവോളം ചര്‍ച്ചകള്‍ നടന്നു. ഭയം കാരണം ഞാന്‍ ഒന്നും പറഞ്ഞില്ല, തുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരും എന്നെ മര്‍ദിച്ചു”-യുവതിയുടെ വീഡിയോ ക്ലിപ്പില്‍ പറയുന്നു. സാന്‍സി നാടോടി സമൂഹത്തില്‍ വ്യാപകമായ ‘കുക്കാടി’ എന്ന സാമൂഹിക തിന്മയുടെ ഇരയാണ് യുവതിയെന്നു പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും ബാഗോര്‍ എസ്.എച്ച്.ഒ. വ്യക്തമാക്കി. ഐ.പി.സി. വകുപ്പുകള്‍ 498എ, 384, 509, 120 ബി പ്രകാരമാണ് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.