CrimeNEWS

ഓട്ടോഡ്രൈവറായി തുടങ്ങി 27 വര്‍ഷം കൊണ്ട് മോഷ്ടിച്ചത് അയ്യായിരത്തിലേറെ കാറുകള്‍!

ഒടുവില്‍ അനില്‍ ചൗഹാന്‍ പോലീസ് വലയിലായി

ന്യൂഡല്‍ഹി: മൂന്നു പതിറ്റാണ്ട് നീണ്ട കരിയറില്‍ ആയിരക്കണക്കിനു കാറുകള്‍ മോഷ്ടിച്ച രാജ്യത്തെ ഏറ്റവും കുപ്രസിദ്ധ ‘വണ്ടി കള്ളന്‍’ വലയില്‍. 27 വര്‍ഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അയ്യായിരത്തിലേറെ കാറുകള്‍ കവര്‍ന്ന അനില്‍ ചൗഹാന്‍(50) ആണ് അറസ്റ്റിലായത്. ആഢംബര ജീവിതത്തിനായാണ് ഇയാള്‍ മോഷണങ്ങള്‍ നടത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു.
പലതവണ ടാക്സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയും ഇയാള്‍ കാറുകള്‍ കവര്‍ന്നിട്ടുണ്ട്. നിരവധി കൊലപാതകക്കേസുകളില്‍ പ്രതിയായ ഇയാള്‍ക്ക് മൂന്നു ഭാര്യമാരും ഏഴു മക്കളുമുണ്ട്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലും ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും സ്വത്തുക്കളുമുണ്ട്. ദേശ്ബന്ധു ഗുപ്ത റോഡ് മേഖലയില്‍നിന്നാണ് ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്‍ ചൗഹാനെ പിടികൂടിയത്. നിരവധി ആയുധങ്ങളും ഇയാളില്‍നിന്നു പിടിച്ചെടുത്തു. ഡല്‍ഹി ഖാന്‍പുരില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ഇയാള്‍ 1995-ലാണ് കാര്‍ മോഷണം ആരംഭിച്ചത്. അക്കാലത്ത് മാരുതി 800 കാറുകള്‍ മോഷ്ടിച്ച് കുപ്രസിദ്ധനായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു മോഷ്ടിക്കുന്ന കാറുകള്‍ നേപ്പാളിലേക്കും ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലേക്കും കടത്തുകയായിരുന്നു പതിവ്. പിന്നീട് ഡല്‍ഹിയില്‍നിന്ന് അസമിലേക്കു താമസം മാറ്റി. അടുത്തിടെയായി ഇയാള്‍ ആയുധക്കള്ളക്കടത്തിലും സജീവമായിരുന്നതായി പോലീസ് പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരോധിത സംഘടനകള്‍ക്ക് ഉത്തര്‍പ്രദേശില്‍നിന്ന് ആയുധങ്ങളെത്തിച്ചിരുന്നത് ഇയാളാണെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. നിലവില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി 180 കേസുകളാണ് അനില്‍ ചൗഹാനെതിരേയുള്ളത്. കള്ളപ്പണം വെളുപ്പിച്ചതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനില്‍ ചൗഹന്‍ പലതവണ പോലീസിന്റെ പിടിയിലായിട്ടുണ്ട്. 2015-ല്‍ കോണ്‍ഗ്രസ് എം.എല്‍.എയ്ക്കൊപ്പം അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ചു. ഇതേ തുടര്‍ന്ന് 2020-ലാണ് ജയില്‍ മോചിതനായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: