പത്തനംതിട്ട:രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ആറന്മുള ഉത്രട്ടാതി ജലോത്സവം ഏറ്റവും മികച്ച രീതിയില്‍ നടത്തുമെന്ന് ആറൻമുള എംഎൽഎയും ആരോഗ്യ വകുപ്പ് മന്ത്രിയുമായ വീണാ ജോര്‍ജ്.
ഉത്രട്ടാതി ജലോത്സവവുമായി ബന്ധപ്പെട്ട് അവസാന വട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.ഈ മാസം 11 നാണ് ഉതൃട്ടാതി ജലോത്സവം.52 പള്ളിയോടങ്ങൾ പങ്കെടുക്കും.
രാവിലെ പത്തിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പതാക ഉയര്‍ത്തുകയും ഉച്ചയ്ക്ക് ഒരു മണിക്ക് ജലഘോഷയാത്രയ്ക്ക് തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു. പൊതു ജനങ്ങള്‍ക്കൊപ്പം ഐക്കര ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങള്‍ ദീപാലങ്കാരം ചെയ്യുവാന്‍ വേണ്ട നിര്‍ദ്ദേശം നല്‍കാന്‍ ആറന്‍മുള പഞ്ചായത്തിനെ ചുമതലപ്പെടുത്തി.
വാട്ടര്‍ സ്റ്റേഡിയത്തിലെ മണ്‍പുറ്റുകളും കടവുകളിലെ ചെളിയും മേജര്‍ ഇറിഗേഷന്‍ വകുപ്പ് കൂടുതല്‍ ജോലിക്കാരെ നിയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കം ചെയ്യണം. തിരുവല്ല, ചെങ്ങന്നൂര്‍, പന്തളം, പത്തനംതിട്ട, മല്ലപ്പള്ളി, അടൂര്‍, റാന്നി എന്നിവിടങ്ങളില്‍ നിന്നും കെഎസ്‌ആര്‍ടിസി ആവശ്യമായ സര്‍വീസ് നടത്തണം.
പമ്ബയുടെ ജലവിതാനം കുറയുന്നപക്ഷം മണിയാര്‍ ഡാമില്‍ നിന്നും ജലം തുറന്ന് വിട്ട് പി ഐ പി ജലനിരപ്പ് ക്രമീകരിക്കണം. ക്ഷേത്രത്തിന്റെ കിഴക്കേനട റോഡിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് പൊതു മരാമത്ത് ( നിരത്ത്) വിഭാഗം നടപടി സ്വീകരിക്കണം-മന്ത്രി അറിയിച്ചു