CrimeNEWS

ബലാത്സംഗശ്രമം ചെറുത്ത വീട്ടമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ പ്രതി ആറു മാസത്തിനുശേഷം പിടിയില്‍

കൊല്ലം: ഏരൂര്‍ വിളക്കുപാറയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. വിളക്കുപാറ ദര്‍ഭപ്പണ ശരണ്യാലയത്തില്‍ മോഹനനാ(60)ണ് ആറുമാസത്തിനുശേഷം പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 26-ന് വൈകിട്ടാണ് ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടിലെ കിടപ്പുമുറിയില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്നുനടന്ന അന്വേഷണത്തില്‍ മരണം കൊലപാതകമാണെന്നു പോലീസ് കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാത്സംഗത്തിനിടെ കഴുത്തുഞെരിച്ചുള്ള കൊലപാതകമെന്നായിരുന്നു കണ്ടെത്തല്‍. കഴുത്തിലെ എല്ലുകള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുള്ളതായും നെഞ്ചിലും വയറ്റിലും ചുണ്ടിലും മുറിവേറ്റ പാടുകളുള്ളതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

പുനലൂര്‍ ഡിവൈ.എസ്.പി. ബി.വിനോദിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രദേശവാസികളായ നൂറോളം പേരെ പോലീസ് ചോദ്യംചെയ്തിരുന്നു. ഇപ്പോള്‍ പിടിയിലായ മോഹനനെയും മൂന്നുതവണ ചോദ്യംചെയ്തിരുന്നു. 15 പേരെ ഡി.എന്‍.എ. പരിശോധനയ്ക്കും വിധേയമാക്കി. പരിശോധനാഫലത്തില്‍ മോഹനന്റെ ഡി.എന്‍.എയുമായി സാമ്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മുന്‍പരിചയം ഉണ്ടായിരുന്ന മോഹനന്‍, കൊലപാതകം നടന്ന ദിവസവും മുന്‍പും വീട്ടമ്മയുടെ വീടിനു സമീപം മേസ്തിപ്പണിക്ക് വന്നിരുന്നു. എന്നാല്‍, സംഭവത്തിനുശേഷം പ്രദേശത്തേക്ക് വന്നില്ല. ഇതില്‍ സംശയം തോന്നിയ പോലീസ് പ്രതിയെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തു വീണ്ടും ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ചു ശനിയാഴ്ച തെളിവെടുപ്പ് നടത്തി. അടുക്കളവഴി വീട്ടിനുള്ളില്‍ കടന്നതും കൊലപാതകം നടത്തിയ രീതിയും പ്രതി പോലീസിനു കാണിച്ചുകൊടുത്തു. കൊല്ലപ്പെട്ട സ്ത്രീയുടെ വീടിന്റെ പിന്‍വശത്തെ വാതില്‍ അടച്ചുറപ്പ് ഇല്ലാത്തതാണെന്നു പ്രതി നേരത്തേ മനസിലാക്കിയിരുന്നു. രാത്രി വീട്ടിനുള്ളില്‍ കയറി, കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കുകയായിരുന്ന ഇവരെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. പ്രതിരോധിക്കാന്‍ ശ്രമിച്ച് ഉച്ചത്തില്‍ നിലവിളിച്ചപ്പോള്‍ സ്ത്രീയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നും മോഹനന്‍ പോലീസിനോട് വെളിപ്പെടുത്തി.

Back to top button
error: