CrimeNEWS

മൂന്നര വര്‍ഷത്തെ പ്രണയത്തിന് വിരാമമിടാന്‍ കാമുകിയായ ജീവനക്കാരിയെ ക്വട്ടേഷന്‍ നല്‍കി കൊന്നു; സ്ഥാപന ഉടമയെ കുടുക്കിയത് ‘യുവതിയുടെ പഴ്സ്’

ദില്ലിയിലെ ഒരു ധനകാര്യ സ്ഥാപനത്തില്‍ രണ്ട് ദിവസം മുമ്പ് ഒരു കൊലപാതകം നടന്നു. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരു യുവതിയാണ് കൊല്ലപ്പെട്ടത്. ഓഫീസില്‍ മറ്റാരുമില്ലാത്ത സമയത്ത് അവിടെയെത്തിയ കൊലയാളി സംഘം യുവതിയുടെ കഴുത്തറുത്തു കൊല്ലുകയായിരുന്നു. സ്ഥാപനത്തിന്റെ ഉടമയായ ഗാസിയബാദ് സ്വദേശി അനുജ് ആണ് കൊല നടന്ന വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണം ഞെട്ടിക്കുന്ന ചില വിവരങ്ങളിലേക്കാണ് ചെന്നെത്തിയത്.

കൊല്ലപ്പെട്ട യുവതിയുമായി പ്രണയത്തിലായിരുന്ന സ്ഥാപന ഉടമ തന്നെയാണ് വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊല നടത്തിയത് എന്നാണ് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് മുഖ്യ പ്രതിയായ അനുജും വാടകക്കൊലയാളികളും അതിനു സഹായിച്ച അതേ സ്ഥാപനത്തിലെ ഒരു ജീവനക്കാരനും പൊലീസിന്റെ പിടിയിലായി.

Signature-ad

വടക്കു പടിഞ്ഞാറന്‍ ദില്ലിയിലെ ആസാദ്പൂരിലാണ് സംഭവം നടന്നത്. 23-കാരിയായ ജീവനക്കാരിയാണ് ഓഫീസിനകത്തുവെച്ച്, വൈകിട്ട് ആറരയോടെ ദാരുണമായി കൊല്ലപ്പെട്ടത്. ബല്‍സ്വാ ദയിരി നിവാസിയായ യുവതി ഈ സ്ഥാപനത്തില്‍ െടലികോളറായി ജോലി ചെയ്യുകയായിരുന്നു. ഇവരുമായി പ്രണയത്തിലായിരുന്നു സ്ഥാപന ഉടമയായ അനുജ്. ഭാര്യയും മകനുമൊത്ത് ഗാസിയാബാദിലെ അങ്കൂര്‍ വിഹാറില്‍ താമസിക്കുന്ന അനുജ് മൂന്നര വര്‍ഷമായി തുടരുന്ന പ്രണയത്തിന് വിരാമമിടാനാണ് വാടക കൊലയാളികളെ ഏര്‍പ്പാടാക്കിയത്.

അതേ സ്ഥാപനത്തിലെ ജീവനക്കാരനായ ജയ് പ്രകാശിന്റെ സഹായത്തോടെയാണ് വാടകക്കൊലയാളികളെ ഇയാള്‍ ഏര്‍പ്പാടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. പങ്കജ്, ഷെരീഫ്, ശ്യാം എന്നീ വാടകക്കൊലയാളികളാണ് കൊലപാതകം നിര്‍വഹിച്ചത്. ഇവരില്‍ ഷെരീഫ് ഒഴികെ മറ്റ് നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഷെരീഫിനായി തെരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. യുപിയിലും ദില്ലിയിലും നിരവധി കേസുകളില പ്രതികളാണ് പിടിയിലായ വാടകക്കൊലയാളികള്‍.

കൊല്ലപ്പെട്ട യുവതിയുടെ പഴ്സാണ് കേസില്‍ വഴിത്തിരിവായതെന്നാണ് നോര്‍ത്ത് വെസ്റ്റ് ഡി സി പി ഉഷ രംഗ്നാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. കൊലപാതകം നടന്നതിനു ശേഷം പൊലീസ് സ്ഥാപന ഉടമ അടക്കമുള്ളവരെ ചോദ്യം ചെയ്തിരുന്നു. കൊല്ലപ്പെട്ട യുവതിയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ നാലഞ്ച് പേരുടെ ബഹളം കേട്ടിരുന്നുവെന്നും അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ യുവതിയുടെ അലര്‍ച്ച കേട്ടതായുമാണ് അനുജ് പൊലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ പഴ്സ് കണ്ടെത്തിയത്. അതില്‍ ഒരു താലിയും അനുജിന്റെ ഫോട്ടോയും ഉണ്ടായിരുന്നു. ഇതാണ് പൊലീസിന് സംശയം ഉണ്ടാക്കിയത്. തുടര്‍ന്ന് പൊലീസ് വീണ്ടും അനുജിനെ ചോദ്യം ചെയ്തു. അതോടെ അയാള്‍ സത്യം തുറന്നുപറയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മൂന്നര വര്‍ഷക്കാലമായി യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് അനുജ് സമ്മതിച്ചത്. താന്‍ വിവാഹിതനാണെന്ന കാര്യം യുവതി വൈകിയാണ് അറിഞ്ഞത്. തുടര്‍ന്ന് തന്നെ വിവാഹം കഴിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ വിവാഹം നടന്നില്ലെങ്കില്‍ തങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ വിവരങ്ങള്‍ അനുജിന്റെ ഭാര്യയെ അറിയിക്കുമെന്ന് അവര്‍ ഭീഷണി മുഴക്കി. തുടര്‍ന്നാണ് സ്ഥാപനത്തില്‍ തന്നെ ജോലി ചെയ്യുന്ന ജയ് പ്രകാശിനോട് സഹായം തേടിയത്. അയാള്‍ക്ക് ബന്ധമുണ്ടായിരുന്ന കൊലയാളി സംഘത്തെ ഇതിനായി ഏര്‍പ്പാട് ചെയ്തു. ഇതിനായി രണ്ടു ലക്ഷം രൂപ ജയ് പ്രകാശിന് നല്‍കി. ഒരു ലക്ഷം രൂപ കൊലയാളി സംഘത്തിന് മുന്‍കൂറായി നല്‍കിയതായി അനുജ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

യുവതി ഓഫീസില്‍ ഉണ്ടാവുമെന്ന് തുടര്‍ന്ന് അനുജ് കൊലയാളി സംഘത്തെ അറിയിച്ചു. അക്കാര്യം ഉറപ്പാക്കുന്നതിനായി യുവതിയുമായി ഫോണില്‍ സംസാരിച്ചു. ഈ സമയത്ത് അകത്ത് കയറിയ കൊലയാളികള്‍ യുവതിയുടെ കഴുത്ത് അറുത്തു കൊല്ലുകയായിരുന്നു. സംഭവശേഷം കൊലയാളികള്‍ താഴെ ഒരുക്കിയ വാഹനത്തില്‍ രക്ഷപ്പെട്ടു. അതിനു ശേഷമാണ് അനുജ് തങ്ങളെ കൊലപാതകത്തിന്റെ വിവരമറിയിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.

 

Back to top button
error: